നെറ്റിയിൽ ക്യൂ ആർ കോഡ് ടാറ്റൂ ചെയ്തു.. സ്കാൻ ചെയ്യുമ്പോൾ സംഭവിക്കുന്നത് ഇത്

ഇന്നത്തെ കാലത്ത് ശരീരത്തില്‍ ടാറ്റൂ കുത്തുകയെന്നത് യുവാക്കളുടെ ഇഷ്ട ശൈലിയായി മാറിയിരിക്കുകയാണ്. ശരീരത്തിന്റെ പല ഭാഗങ്ങളിൽ വിവിധ ചിത്ര പണികളാണ് കാട്ടിക്കൂട്ടുന്നത്. അതിനായി എത്ര പണം മുടക്കാനും അവർ തയ്യാറാണ്.

യൂറോപ്പില്‍ ശരീരം മുഴുവനും ഒരു ഇഞ്ച് സ്ഥലം പോലും ബാക്കിയില്ലാതെ ടാറ്റു അടിക്കുന്ന ആളുകളുണ്ട്. അത്തരത്തില്‍ നെറ്റിയില്‍ ക്യൂആര്‍ കോഡ് ടാറ്റൂ ചെയ്യുന്ന ഒരു യുവാവിന്‍റെ വീഡിയോ ആണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. അനുകൂലിച്ചും വിമര്‍ശിച്ചും ആളുകള്‍ രംഗത്തെത്തി.

നെറ്റിയില്‍ ക്യൂആര്‍ കോഡ് ടാറ്റൂ ചെയ്യുന്നതിന്‍റെ പൂര്‍ണ്ണ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമില്‍ പങ്കു വയ്ക്കപ്പെട്ടത്. ഒറ്റ ദിവസം കൊണ്ട് വീഡിയോ പത്തൊമ്പത് ലക്ഷം പേരാണ് കണ്ടത്. പലരും അത്ഭുതം പ്രകടിപ്പിച്ചു. വീഡിയോയുടെ ഏറ്റവും ഒടുവിലായി ടാറ്റൂ ചെയ്ത ക്യൂആര്‍ കോഡ് എങ്ങനെ പ്രവര്‍ത്തനക്ഷമമാണെന്നും ടാറ്റൂ ആര്‍ട്ടിസ്റ്റ് തന്‍റെ മൊബൈലില്‍ നെറ്റിയിലെ ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്ത് കാണിക്കുന്നു. ടാറ്റൂ ആര്‍ട്ടിസ്റ്റ് ക്യൂആര്‍ കോഡ് സ്കാന്‍ ചെയ്യുമ്പോള്‍ അത് യുവാവിന്‍റെ ഇന്‍സ്റ്റാഗ്രാം പേജിലേക്കാണ് പോകുന്നത്. ഇത് കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി. നിരവധി പേര്‍ യുവാവിനെയും ടാറ്റൂ ആര്‍ട്ടിസ്റ്റിനെയും അഭിനന്ദിച്ചപ്പോള്‍ അതിലേറെ പേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. നിരവധി പേര്‍ വീഡിയോ വ്യാജമാണെന്ന് എഴുതി. ഭ്രാന്തെന്നായിരുന്നു ചിലരുടെ അഭിപ്രായം. നാസികളെ തിരിച്ചറിയുന്നതിനായി ചാപ്പ കുത്തിയതിന് സമാനമാണ് എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്.