കോഴിക്കോട്: കെ.എം. ഷാജിയുടെ ആരോപണത്തിന് മറുപടിയുമായി പി.കെ. കുഞ്ഞനന്തന്റെ മകള്‍ ഷബ്‌ന രംഗത്ത്. കെ.എം. ഷാജിയുടെ ആരോപണം തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള തന്ത്രമാണെന്നും അച്ഛനെ കൊന്നത് യു.ഡി.എഫ്. ഭരണകൂടമാണെന്നും ഷബ്‌ന ആരോപിച്ചു
ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തില്‍ പ്രതിയായ സി.പി.എം. പാനൂര്‍ ഏരിയ കമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്നായിരുന്നു മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ ആരോപണം
മരണത്തില്‍ ദുരൂഹതയില്ല. യു.ഡി.എഫിന്റെ കാലത്ത് മതിയായ ചികിത്സ നല്‍കിയില്ല. വയറ്റില്‍ അള്‍സര്‍ ഗുരുതരമായി. എല്‍.ഡി.എഫ്. സര്‍ക്കാര്‍ വന്നപ്പോഴാണ് ചികിത്സ ലഭിച്ചത്. തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള വെപ്രാളത്തിലാണ് ഷാജിയുടെ പ്രസ്താവന. ലോക്‌സഭാ തിരഞ്ഞെടുപ്പുവരെ അവര്‍ ഇത് നിലനിര്‍ത്തുമെന്നും മകള്‍ ഷബ്‌ന പറഞ്ഞു
ടി.പി കേസില്‍ നേതാക്കളിലേക്ക് എത്താന്‍ കഴിയുന്ന ഏക കണ്ണിയായിരുന്നു കുഞ്ഞനന്തന്‍ എന്നായിരുന്നു ഷാജിയുടെ ആരോപണം. കുഞ്ഞനന്തന്‍ മരിച്ചത് ഭക്ഷ്യവിഷബാധയെത്തുടര്‍ന്നാണ്. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളില്‍ കൊന്നവര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. കുറച്ചാളുകളെ കൊല്ലാന്‍വിടും. അവര്‍ കൊന്ന് വരും. കുറച്ചു കഴിഞ്ഞ് ഇവരില്‍നിന്ന് രഹസ്യം ചോര്‍ന്നേക്കുമെന്ന ഭയം വരുമ്പോള്‍ കൊന്നവരെ കൊല്ലുമെന്നും ഷാജി ആരോപിച്ചു. കൊണ്ടോട്ടി മുസ്ലിം ലീഗ് മുന്‍സിപ്പല്‍ കമ്മിറ്റി നടത്തിയ പഞ്ചദിന ജനകീയ പ്രതികരണ യാത്രയുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു കെ.എം. ഷാജി.
ടി.പി കൊലക്കേസില്‍ 13-ാം പ്രതിയായ കുഞ്ഞനന്തന്‍ ജീവപര്യന്തം ജയില്‍ ശിക്ഷ അനുഭവിച്ചു വരികെയാണ് മരിച്ചത്