ഭർത്താക്കന്മാരെ കൊല്ലാൻ ഉപയോഗിച്ചിരുന്ന ഒരു വിഷമാണ് ഇപ്പോൾ സോഷ്യൽ മീഡിയയില്‍ ചര്‍ച്ച. ഒരു കാലത്ത് ഇറ്റലിയിൽ സ്വന്തം ഭർത്താക്കന്മാരെ കൊല്ലാൻ വേണ്ടി സ്ത്രീകളുപയോഗിച്ചിരുന്ന മാരകവിഷമാണ് അക്വാ ടൊഫാന. 17 -ാം നൂറ്റാണ്ടിൽ ഈ വിഷം കാരണം 600 ഭർത്താക്കന്മാരെങ്കിലും കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. സ്ത്രീകൾക്ക് ഈ വിഷം കിട്ടിയത് ഗിയൂലിയ ടോഫാന എന്ന സ്ത്രീ വഴിയാണ്. ഭർത്താക്കന്മാരെ കൊല്ലാന്‍ ആഗ്രഹിക്കുന്നവർക്ക് വിഷമെത്തിച്ച് കൊടുക്കുന്ന അവൾ അറിയപ്പെട്ടിരുന്നത് തന്നെ ‘കഷ്‍ടതയനുഭവിക്കുന്ന സ്ത്രീകളുടെ കൂട്ടുകാരി’ എന്നായിരുന്നു
മുഖത്തെ കറുപ്പ് മാറ്റാൻ വേണ്ടി അന്നത്തെ കാലത്ത് സാധാരണയായി ഉപയോഗിച്ചിരുന്ന ഒരു എണ്ണയായിരുന്നു ‘Manna of St Nicholas of Bari’. ആ പേരാണ് ടൊഫാന തന്റെ വിഷക്കുപ്പിക്ക് മുകളിൽ എഴുതി വച്ചിരുന്നതത്രെ. അന്നത്തെ കാലത്ത് ഇറ്റലിയിലെ സ്ത്രീകൾ പലരും ഭർത്താക്കന്മാരുടെ കൊടുംപീഡനങ്ങൾക്ക് ഇരയായിരുന്നു. അവര്‍ക്ക് മുന്നിൽ ഉണ്ടായിരുന്നത് മൂന്ന് വഴികളാണ്, വിവാഹം കഴിക്കുക, ലൈംഗികത്തൊഴിലാളികളാവുക, അല്ലെങ്കിൽ സമ്പന്നയും മാന്യയുമായ ഒരു വിധവയാവുക
ഭർത്താക്കന്മാർ വെറും അടിമകളായി കണ്ടതിനാല്‍ ഈ സ്ത്രീകൾക്ക് താല്പര്യം പലപ്പോഴും വിധവകളായി ജീവിക്കാനായിരുന്നുവത്രെ. അതിനാൽ തന്നെ ടൊഫാന പ്രത്യേകം തയ്യാറാക്കിയ വിഷം അന്ന് വൻ ഹിറ്റായി. പല സ്ത്രീകളും രഹസ്യമായി അവളെ സമീപിച്ച് വലിയ പണം നൽകി ആ വിഷം കൈപ്പറ്റി. ഭർത്താക്കന്മാർക്ക് ഭക്ഷണത്തിൽ കലർത്തി നൽകി നാല് മുതൽ ആറ് തുള്ളികൾ വരെയാണ് ഒരാളെ കൊല്ലാൻ ഈ വിഷം വേണ്ടിയിരുന്നത്. ഇത് പലപ്പോഴായിട്ടാണ് നൽകിയിരുന്നതത്രെ.
ഒരിക്കൽ ടൊഫാനയോട് ഈ വിഷം വാങ്ങിയ ഒരു സ്ത്രീ തന്റെ ഭർത്താവിന് അത് സൂപ്പിൽ കലർത്തി നൽകി. എന്നാൽ, പെട്ടെന്ന് തന്നെ മനം മാറിയ അവൾ ആ ഭക്ഷണം കഴിക്കാൻ അയാളെ സമ്മതിച്ചില്ല. പകരം വിഷത്തിന്റെ കാര്യം തുറന്ന് പറഞ്ഞു. ഇതോടെയാണ് ടൊഫാനയുടെ വിഷത്തെ കുറിച്ച് പുറം ലോകം അറിയുന്നതും അവൾ പിടിയിലാവുന്നതും. പിന്നാലെ, 1659ല്‍ അവളെ അധികൃതര്‍ വധിച്ചു. ഒപ്പം അവളുടെ മകളെയും മൂന്ന് സഹായികളെയും കൂടി കൊന്നു. അവളോട് വിഷം വാങ്ങിയവരിൽ 40 -ലധികം പേരെയും വധിച്ചു. എന്നാൽ, അപ്പോഴേക്കും 600 പുരുഷന്മാരുടെ ജീവനെങ്കിലും ഈ വിഷം എടുത്തിരുന്നു എന്നാണ് പറയപ്പെടുന്നത്