വീട്ടിൽ തന്നെ പ്രസവിക്കാൻ ഭര്‍ത്താവ് നിർബന്ധിച്ചു. നരഹത്യാക്കുറ്റത്തിന് കസ്റ്റഡിയിലെടുത്തു

തിരുവനന്തപുരം: പ്രസവത്തിനിടെ ചികിത്സ കിട്ടാതെ അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പൂന്തുറ സ്വദേശിയായ നയാസിനെയാണ് കസ്റ്റഡിയിലെടുത്തത്. നേമം കാരയ്ക്കാമണ്ഡപത്ത് വാടകയ്ക്കു താമസിക്കുന്ന ഷമീറ (36) യും നവജാത ശിശുവുമാണ് ചികിത്സ ലഭിക്കാതെ മരിച്ചത്. ഷമീറയോട് വീട്ടിൽ പ്രസവിക്കാൻ നയാസ് നിർബന്ധിച്ചുവെന്ന് പൊലീസ് വ്യക്തമാക്കി. ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ഷമീറയ്ക്ക് പ്രസവ വേദന ഉണ്ടായത്. തുടർന്ന് അമിത രക്തസ്രാവമുണ്ടായി ഷമീറ ബോധരഹിതയായി. ഭർത്താവ് ആംബുലൻസ് വിളിച്ച് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും നേരത്തേതന്നെ അമ്മയും കുഞ്ഞും മരണപ്പെട്ടിരുന്നതായി ഡോക്ടർമാർ അറിയിക്കുകയായിരുന്നു

20 തവണ വീട്ടിലെത്തി വിദഗ്ധ ചികിത്സയ്ക്ക് ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപെട്ടിട്ടും ഭർത്താവ് സമ്മതിച്ചില്ലെന്ന് ആരോഗ്യ പ്രവർത്തകര്‍ വ്യക്തമാക്കി
ഷമീറയുടെയും നയാസിന്റെയും രണ്ടാം വിവാഹമാണിത്. ഇവര്‍ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ട്. മുൻ ഭാര്യ സംഭവ സമയത്ത് വീട്ടിൽ ഉണ്ടായിരുന്നതായും മരണത്തിൽ ദുരുഹത ഉള്ളതായും നാട്ടുകാർ ആരോപിച്ചു. കൂടുതൽ പരിശോധനകൾക്കായി പോലീസ് വീട് സിൽ ചെയ്തിട്ടുണ്ട്. അക്യുപങ്‌ചർ ചികിത്സയ്ക്കു യുവതി വിധേയയായിരുന്നുവെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്