കേരളത്തെ മുൾമുനയിൽ നിർത്തിയ കേസിൽ കുറ്റപത്രം സമർപ്പിച്ചു

കൊല്ലം: കേരളക്കരയെ ഒന്നടങ്കം മുൾമുനയിൽ നിർത്തിയ ഓയൂരിലെ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ കുറ്റപത്രം സമർപ്പിച്ചു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം എം ജോസാണ് കൊട്ടാരക്കര ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിരണ്ടിൽ കുറ്റപത്രം സമർപ്പിച്ചത്.1000 പേജ് ഉള്ള കുറ്റപത്രമാണ് പ്രതികളായ പത്മകുമാർ ഭാര്യ അനിതകുമാരി മകൾ അനുപമ എന്നിവർക്കെതിരെ സമർപ്പിച്ചത്.
പത്മകുമാറിന്റെ കടബാധ്യത തീർക്കാൻ മോചന ദ്രവ്യത്തിനു വേണ്ടി കുട്ടിയെ തട്ടിക്കൊണ്ടുപോയി തടവിൽ പാർപ്പിച്ചെന്നാണ് കേസ്. ജീവപര്യന്തം ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ പ്രകാരമാണ് കേസ്. ബാലികയെ തട്ടിക്കൊണ്ടുപോകൽ, അന്യായമായി തടവിൽ പാർപ്പിക്കുക, മുറിവേൽപ്പിക്കുക, ഗൂഢാലോചന, തെളിവ് നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തിൽ ഉള്ളത്

ബാലികയുടെ സഹോദരനാണ് സംഭവത്തിലെ ദൃക്സാക്ഷി. സാക്ഷി പട്ടികയിൽ നൂറിലേറെ പേരുണ്ട്. ശാസ്ത്രീയ തെളിവുകളാണ് കൂടുതല്‍. ലാപ്ടോപ്പ്, മൊബൈൽ ഫോൺ, നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ എന്നിവ കുറ്റപത്രത്തിന്റെ ഒപ്പം സമർപ്പിച്ചു

2023 വംബർ‌ 27‌ന് വൈകിട്ട് സഹോദരനൊപ്പം ട്യൂഷന് പോയി തിരിച്ചുവരികയായിരുന്ന 6 വയസ്സുകാരിയെ പ്രതികള്‍ തട്ടിക്കൊണ്ടു പോവുകയായിരുന്നു. പിറ്റേന്ന് ഉച്ചയ്ക്ക് കൊല്ലം ആശ്രാമം മൈതാനത്ത് കുട്ടിയെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തട്ടിക്കൊണ്ടുപോയി അഞ്ചാം ദിവസമാണ് പ്രതികൾ പിടിയിലാകുന്നത്