ജോലി ശരിയാക്കാമെന്ന് വാഗ്ദാനം; പെൺകുട്ടിയെ പൂട്ടിയിട്ട് പീഡിപ്പിച്ചു

ജോലി കണ്ടെത്തിത്തരാമെന്ന് വാഗ്ദാനം നൽകി പെൺകുട്ടിയെ ഒരാഴ്ചയോളം പൂട്ടിയിട്ട് പീഡിപ്പിച്ച സുഹൃത്ത് പിടിയിൽ. പശ്ചിമ ബംഗാളിലെ ഡാർജിലിംഗിൽ നിന്നുള്ള യുവതിയാണ് ഡൽഹിയിൽ വച്ച് ക്രൂര പീഡനത്തിന് ഇരയായത്. പ്രതി പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിക്കാറുണ്ടെന്നും ചൂടു പയർ കറി ഒഴിച്ച് പൊള്ളിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ജനുവരി 30-ന് നെബ് സരായ് പൊലീസ് സ്‌റ്റേഷനിലേക്ക് പെണ്‍കുട്ടി സഹായ അഭ്യർത്ഥിച്ച് വിളിക്കുകയായിരുന്നു.

4 മാസം മുൻപാണ് പ്രതി പരാസുമായി യുവതി സൗഹൃദത്തിലായത് തെക്കൻ ഡൽഹിയിലെ നെബ് സരായ് പ്രദേശത്തെ വാടകക്കെട്ടിടത്തിൽ ഒരു മാസത്തോളമായി പരാസിനൊപ്പമാണ് യുവതിയുടെ താമസം. ഡൽഹിയിൽ ഒരു ജോലി കണ്ടെത്തി തരാമെന്ന് ഇയാൾ യുവതിക്ക് വാഗ്ദാനം നൽകിയിരുന്നു. ഇതിൻ പ്രകാരമാണ് യുവതി ഡൽഹിയിൽ എത്തിയത്. പിന്നീട് പെൺകുട്ടിയെ ഒരാഴ്ചയോളം ശാരീരിക പീഡനത്തിനും ലൈംഗിക പീഡനത്തിനും വിധേയയാക്കി.

സംഭവസ്ഥലത്ത് എത്തിയ പൊലീസ് സംഘം യുവതിയെ രക്ഷപ്പെടുത്തുകയും വൈദ്യസഹായത്തിനായി എയിംസിലേക്ക് മാറ്റുകയും ചെയ്തു. പെൺകുട്ടിയുടെ ശരീരത്തിൽ ചതവുകളും പൊള്ളലേറ്റ പാടുകളും ഉണ്ട്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു