വീണ വിജയനെതിരായ മാസപ്പടി കേസ്; അന്വേഷണസംഘം കെഎസ്ഐഡിസിയിൽ

തിരുവനന്തപുരം: വീണ വിജയനെതിരായ മാസപ്പടി കേസിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അന്വേഷണസംഘം തിരുവനന്തപുരത്തെ കെഎസ്ഐഡിസി കോർപ്പറേറ്റ് ഓഫീസിൽ പരിശോധന നടത്തുകയാണ്. എസ്എഫ്ഐഒ ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്റെ നേതൃത്വത്തിലുള്ള ഉ​ദ്യോ​ഗസ്ഥരുടെ സംഘമാണ് പരിശോധന നടത്തുന്നത്. സിഎംആർഎല്ലിൽ രണ്ട് ദിവസം പരിശോധന നടത്തിയതിന് ശേഷമാണ് തിരുവനന്തപുരത്തെ ഓഫീസിലേക്ക് ഇവരെത്തിയത്. ഇവിടെ പരിശോധന തുടരുകയാണ്.

കഴിഞ്ഞ ദിവസം സിഎംആർഎൽ കമ്പനിയുടെ ആലുവ കോർപറേറ്റ് ഓഫീസിലാണ് പരിശോധന നടന്നത്. ഡെപ്യൂട്ടി ഡയറക്ടർ അരുൺ പ്രസാദിന്‍റെ നേതൃത്വത്തിലായിരുന്നു ഇവിടേയും പരിശോധന. അതേസമയം, മകൾക്കെതിരായ എസ്എഫ്ഐഒ അന്വേഷണം മുഖ്യമന്ത്രിയെ ഉന്നമിട്ടാണെന്ന വിലിരുത്തലിലാണ് സിപിഎം. അന്വേഷണത്തെ നിയമപരമായും രാഷ്ട്രീയമായും നേരിടാനാണ് സിപിഎം സെക്രട്ടറിയേറ്റ് തീരുമാനം. ആദായനികുതി ഇൻട്രിം സെറ്റിൽമെൻറ് ബോർഡ് ഉത്തരവ് വന്നപ്പോൾ രണ്ട് കമ്പനികൾ തമ്മിലെ സുതാര്യ ഇടപാടെന്ന് പറഞ്ഞായിരുന്നു മുഖ്യമന്ത്രിയുടെ മകൾക്കുള്ള സിപിഎം പിന്തുണ. കരാറിൽ ആർഒസി ഗുരുതര ക്രമക്കേട് കണ്ടെത്തി അന്വേഷണം എസ്എഫ്ഐഒ ഏറ്റെടുത്തപ്പോഴും മുഖ്യമന്ത്രിക്കും മകൾക്കും പാർട്ടി ശക്തമായ പ്രതിരോധം തീർക്കുകയാണ്.