സ്വപ്നങ്ങൾ നിറവേറ്റണമെന്ന് ഭാര്യ; വിവാഹമോചന ഹർജി നൽകി ഭർത്താവ്

ദില്ലി: തന്റെ വരുമാനമോ സാമ്പത്തിക ശേഷിയോ നോക്കാതെ ഭാര്യ നിരന്തരം സ്വപ്നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി ശല്യം ചെയ്യുന്നുവെന്ന പരാതിയുമായി ഭർത്താവ് കോടതിയിൽ. വിവാഹ മോചനം നൽകണമെന്നാണ് ഭർത്താവിന്റെ ആവശ്യം. സ്വപ്നങ്ങൾ നിറവേറ്റണമെന്ന ആവശ്യവുമായി എത്തുന്ന ഭാര്യമാർ മാനസിക സമ്മർദ്ദം സൃഷ്ടിക്കുന്നതായി കോടതി ചൂണ്ടിക്കാട്ടി. ഭർത്താവിന്റെ സാമ്പത്തിക സ്ഥിതി പരിഗണിക്കാതെയുള്ള ആവശ്യങ്ങൾ ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നുവെന്നാണ് ദില്ലി ഹൈക്കോടതി വിശദമാക്കിയത്

ഭാര്യ ക്രൂരത കാണിക്കുന്നുവെന്ന് കാണിച്ച് ഭർത്താവ് സമർപ്പിച്ച വിവാഹ മോചന ഹർജി പരിഗണിക്കുമ്പോഴാണ് ഡിവിഷൻ ബെഞ്ച് ജസ്റ്റിസുമാരായ സുരേഷ് കുമാർ കൈറ്റ്, നീന ബൻസൽ കൃഷ്ണ എന്നിവരുടെ നിരീക്ഷണം തങ്ങളുടെ സ്വപ്നങ്ങൾ ആവശ്യങ്ങളായി അവതരിപ്പിക്കുമ്പോൾ അവ സൃഷ്ടിക്കുന്ന സാമ്പത്തിക ബാധ്യതയേക്കുറിച്ച് ബോധ്യം വേണമെന്നും സ്ഥിരമായി സാമ്പത്തിക പരിമിതിയേക്കുറിച്ച് ഓർമ്മിപ്പിച്ചുകൊണ്ടിരിക്കുന്നത് ഉചിതമല്ലെന്നുമാണ് കോടതിയുടെ നിരീക്ഷണം.

കുടുംബ കോടതിയിൽ നിന്ന് വിവാഹ മോചനം അനുവദിച്ച തീരുമാനത്തിനെതിരെ യുവതിയാണ് ഹൈക്കോടതിയെ സമീപിച്ചത്. പല വിധ സ്വപ്ന സാക്ഷാത്കാരത്തിനായി ഭാര്യമാർ ഭർത്താക്കന്മാരെ സമീപിക്കുന്നത് സാധാരണമാണ്. എന്നാൽ ഒരു പരിധി കഴിയുന്നതോടെ ഇത് ഭർത്താക്കന്മാരിൽ ഗുരുതരമായ മാനസിക സമ്മർദ്ദമാണ് സൃഷ്ടിക്കുന്നത് – കോടതി വിലയിരുത്തി.