മജിസ്‌ട്രേറ്റിന്റെ കൊലപാതകം; തെളിവുകൾ ലഭിച്ചത് വാഷിങ് മെഷീനിൽ നിന്ന്

 

ഭോപ്പാൽ: സബ് ഡിവിഷണൽ മജിസ്‌ട്രേറ്റിന്‍റെ കൊലപാതകത്തിന് പിന്നിലെ നിർണ്ണായക തെളിവുകൾ പോലീസിന് ലഭിച്ചു. വാഷിങ് മെഷീനിൽ നിന്നാണ് ഭര്‍ത്താവാണ് കൊലപ്പെടുത്തിയതെന്ന് വ്യക്തമാക്കുന്ന തെളിവുകൾ ലഭിച്ചത്. തെളിവുകള്‍ ഇല്ലാതാക്കാനും പൊലീസ് അന്വേഷണം വഴിതെറ്റിക്കാനും ഭർത്താവ് ശ്രമിച്ചിരുന്നു. പക്ഷേ പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിലൂടെ തെളിവുകൾ എല്ലാം പ്രതിക്ക് പ്രതികൂല മാവുകയായിരുന്നു

ഡിൻഡോരി ജില്ലയിലെ ഷാഹ്പുരയിൽ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റായ നിഷ നാപിത് ആണ് കൊല്ലപ്പെട്ടത്. പണത്തിനായി ഭര്‍ത്താവ് മനീഷ് നിഷയെ ശാരീരികമായും മാനസികമായും ഉപദ്രവിക്കാറുണ്ടായിരുന്നു. മാട്രിമോണിയൽ സൈറ്റിലൂടെ പരിചയപ്പെട്ട നിഷയും മനീഷും 2020ലാണ് വിവാഹിതരായത്. മനീഷ് തൊഴില്‍രഹിതനായിരുന്നു

ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയാണ് മനീഷ് നിഷയെ ആശുപത്രിയില്‍ എത്തിച്ചത്. അവിടെ എത്തുമ്പോഴേക്കും നിഷയുടെ മരണം സംഭവിച്ചിരുന്നു. ഉടന്‍ പൊലീസ് സ്ഥലത്തെത്തി. ഇതൊരു സ്വാഭാവിക മരണമാണെന്ന് സ്ഥാപിക്കാനാണ് മനീഷ് ശ്രമിച്ചത്. നിഷയ്ക്ക് വൃക്കസംബന്ധമായ അസുഖമുണ്ടെന്ന് മനീഷ് പറഞ്ഞു. എന്നാല്‍ നിഷയ്ക്ക് ഒരു അസുഖമുണ്ടായിരുന്നില്ലെന്ന് സഹോദരി നീലിമ പൊലീസിനോട് വ്യക്തമാക്കി. തലയണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചാണ് നിഷയെ മനീഷ് കൊലപ്പെടുത്തിയത്. അതിനു ശേഷം തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിച്ചു. രക്തം പുരണ്ട നിഷയുടെ വസ്ത്രങ്ങൾ കഴുകി. വാഷിംഗ് മെഷീനിൽ നിന്ന് തലയണ കവറും ബെഡ്ഷീറ്റും കണ്ടെടുത്തതോടെയാണ് കേസില്‍ നിർണായക വഴിത്തിരിവുണ്ടായത് 24 മണിക്കൂറിനുള്ളിൽ പ്രതിയെ അറസ്റ്റ് ചെയ്ത അന്വേഷണ സംഘത്തെ ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറൽ (ഡിഐജി) മുകേഷ് ശ്രീവാസ്തവ അഭിനന്ദിച്ചു. 20,000 രൂപ പാരിതോഷികം പ്രഖ്യാപിക്കുകയും ചെയ്തു