ലോകത്തിലെ ഏറ്റവുംവലിയ ആഡംബരക്കപ്പലായ ‘ഐക്കണ്‍ ഓഫ് ദ സീസ്’ കന്നിയാത്ര തുടങ്ങി. ഫ്ലോറിഡയിലെ മയാമിയില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. അമേരിക്കന്‍ കമ്പനിയായ റോയല്‍ കരീബിയന്‍ ഇന്റര്‍നാഷണലാണ് കപ്പലിന്റെ ഉടമകള്‍. 2350 ജീവനക്കാരാണ് കപ്പലിൽ ഉള്ളത്. 20 നിലകളുണ്ട് 365 മീറ്റർ നീളവും, 2,50,800 ടണ്‍ ഭാരവും കപ്പലിനുണ്ട്. പരമാവധി 7600 യാത്രക്കാരെ ഉൾക്കൊള്ളിക്കാൻ കഴിയുമെന്നാണ് വിവരം. ഏഴു നീന്തല്‍ക്കുളങ്ങള്‍, വാട്ടര്‍പാര്‍ക്ക്, ഐസ് സ്‌കേറ്റിങ്ങിനുള്ള സൗകര്യം, ആറു വാട്ടര്‍ സ്ലൈഡുകള്‍, 40 ഭക്ഷണശാലകളും ബാറുകളുമുള്‍പ്പെടെ ഒട്ടേറെ സൗകര്യങ്ങള്‍ കപ്പലിലുണ്ട്. അമ്പതോളം സംഗീതജ്ഞരും ഹാസ്യാവതാരകരും സംഗീത സംഘവുമുണ്ട്
ഫിന്‍ലന്‍ഡിലെ തുര്‍ക്കുവില്‍ 900 ദിവസമെടുത്താണ് കപ്പല്‍ പണിതത്. ഏകദേശം 16,624 കോടി രൂപയാണ് നിര്‍മാണച്ചെലവ്. ദ്രവീകൃത പ്രകൃതിവാതകമാണ് ഇന്ധനം. അര്‍ജന്റീനിയന്‍ ഫുട്‌ബോള്‍ സൂപ്പര്‍താരം ലയണല്‍ മെസ്സിയാണ് ചൊവ്വാഴ്ച കപ്പലിന് ഔദ്യോഗികമായി പേരിട്ടത്. റോയല്‍ കരീബിയന്റെതന്നെ ‘വണ്ടര്‍ ഓഫ് ദ സീസാ’യിരുന്നു ഇതുവരെ ലോകത്തെ ഏറ്റവുംവലിയ ആഡംബരക്കപ്പല്‍. തീര്‍ത്തും പ്രകൃതിസൗഹൃദമാണ് കപ്പലിന്റെ രൂപകല്പന എന്നാണ് അവകാശവാദം
ടൈറ്റാനിക്കിനേക്കാള്‍ അഞ്ചു മടങ്ങാണ് ഐക്കണ്‍ ഓഫ് ദ സീസിന്റെ ഭാരം. 46,328 ടണ്‍ ആയിരുന്നു ടൈറ്റാനിക്കിന്റെ ഭാരം. നീളം 882 അടിയും. ന്യൂയോര്‍ക്ക് സിറ്റിയിലെ എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ്ങുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും 52 അടിയുടെ കുറവ് മാത്രമാണ് കപ്പലിനുള്ളത്. ഐക്കണ്‍ ഓഫ് ദ സീസിന്റേത് 1,196 അടി നീളവും 2,50,800 ടണ്‍ ഭാരവുമാണ്. ഭക്ഷണ പ്രേമികള്‍ക്ക് വിവിധ രാജ്യങ്ങളിലെ ഭക്ഷണവിഭവങ്ങളും കപ്പലില്‍ ലഭ്യമാണ്.