അപൂര്‍വങ്ങളില്‍ അപൂർവം; 15 പ്രതികൾക്കും വധശിക്ഷ

 

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ മുഴുവൻ പ്രതികള്‍ക്കും വധശിക്ഷ വിധിച്ചു. കേരളത്തിന്റെ നിയമ രാഷ്ട്രീയ ചരിത്രത്തിൽ ആദ്യമായാണ് ഒരു കേസിലെ മുഴുവൻ പ്രതികൾക്കും വധശിക്ഷ വിധിക്കുന്നത്.  അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസാണെന്ന് കോടതി നിരീക്ഷിച്ചു. മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി.ജി. ശ്രീദേവിയാണ് ശിക്ഷ വിധിച്ചത്. പ്രതികളെല്ലാം പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ്. കേസിൽ ആദ്യഘട്ടത്തിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു. കുറ്റകൃത്യത്തിൽ നേരിട്ട് പങ്കാളികളായ 12 പേരും മുഖ്യ ആസൂത്രകരായ 3 പേരുമാണ് ആദ്യ ഘട്ടത്തിൽ വിചാരണ നേരിട്ടവർ. 2021 ഡിസംബർ 19 നാണ് ആലപ്പുഴ വെള്ളക്കിണറുള്ള വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ വെട്ടിക്കൊന്നത്

തലേന്ന് എസ്ഡിപിഐ നേതാവ് കെ എസ് ഷാൻ കൊല്ലപ്പെട്ടിരുന്നു. ഇതിന് മണിക്കൂറുകൾക്കകമായിരുന്നു രൺജിത്തിനെ വധിച്ചത്. നൈസാം,അജ്മൽ,അനൂപ്, മുഹമ്മദ് അസ്ലം,സലാം പൊന്നാട്,അബ്ദുൽ കലാം,സഫറുദ്ദീൻ,മുൻഷാദ്,ജസീബ് രാജ, നവാസ്,ഷമീർ,നസീർ,സക്കീർ ഹുസൈൻ,ഷാജി പൂവത്തിങ്കൽ,ഷെർണാസ് അഷ്റഫ് തുടങ്ങിയവരാണ് പ്രതികൾ. വിധിയിൽ സംതൃപ്തിയെന്നായിരുന്നു ഭാര്യയുടെ പ്രതികരണം. ‘പ്രതികൾക്ക് പരമാവധി ശിക്ഷ ലഭിച്ചതിൽ സംതൃപ്തിയുണ്ട്. ഞങ്ങളുടെ നഷ്ടം വളരെ വലുതാണ്. എങ്കിലും കോടതിവിധിയിൽ ഞങ്ങൾക്ക് ആശ്വാസമുണ്ടെന്നും രൺജിത് ശ്രീനിവാസന്റെ ഭാര്യ ലിഷയും അമ്മയും മാധ്യമങ്ങളോട് പറഞ്ഞു. വധശിക്ഷ പ്രതീക്ഷിച്ചിരുന്നു. സത്യസന്ധമായി കാര്യങ്ങൾ അന്വേഷിച്ച് കോടതിയിലെത്തിച്ച ഒരു ടീമുണ്ട്, ഡിവൈഎസ്പി ജയരാജ് സാറും അദ്ദേഹത്തിന്റെ ടീമും. അദ്ദേഹത്തോട് നന്ദിയുണ്ടെന്നും പ്രോസിക്യൂട്ടറുടെ പരിശ്രമത്തിന് നന്ദി പറഞ്ഞ് വിലയിടാൻ പറ്റില്ലെന്നും ഭാര്യ പറഞ്ഞു