അയോധ്യയിലെ രാമ ക്ഷേത്രത്തിൽ വൻ ഭക്തജനപ്രവാഹം

ദില്ലി: അയോധ്യയിലെ രാമക്ഷേത്രം ഇന്ന് മുതൽ പൊതുജനങ്ങൾക്ക് തുറന്നു നൽകി. രാവിലെ മുതൽ തന്നെ ദർശനം ആരംഭിച്ചു. കൊടും തണുപ്പിലും ക്ഷേത്രത്തില്‍ വന്‍ ഭക്തജന പ്രവാഹമാണ് ഉണ്ടായത്. ദര്‍ശനത്തിനായി ആയിരങ്ങളാണ് പുലര്‍ച്ചെ തന്നെ ക്ഷേത്രനഗരിയില്‍ എത്തിയത്. ഇന്നലെ ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമായിരുന്നു ദർശനം ഉണ്ടായിരുന്നത്. രാവിലെ ഏഴുമുതല്‍ പതിനൊന്നരവരെയും ഉച്ചയ്ക്ക് രണ്ടുമണി മുതല്‍ വൈകീട്ട് ഏഴുവരെയുമാണ് ദര്‍ശനസമയം. വിശേഷ ദിവസങ്ങളില്‍ പതിനാറ് മണിക്കൂര്‍ വരെ ക്ഷേത്രം തുറന്നിരിക്കും.പഴുതടച്ച സുരക്ഷാക്രമീകരണങ്ങളാണ് ഉത്തര്‍പ്രദേശ് പൊലീസ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

പരമാവധി പേര്‍ക്ക് ദര്‍ശനം ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. രാമനെ ദര്‍ശിക്കുക ലക്ഷ്യമിട്ട് രാജ്യത്തും നിന്നും പുറത്തുനിന്നും നിരവധി പേരാണ് അയോധ്യയില്‍ എത്തിയത്.ഇന്നലെ രാത്രി മുതല്‍ തന്നെ കടുത്ത ശൈത്യത്തിലും ക്ഷേത്രത്തിലെ പ്രധാന കവാടത്തിന് മുന്നില്‍ ഭക്തര്‍ കാത്തുനില്‍ക്കുകയായിരുന്നു. രാവിലെ ആറ് മണി മുതല്‍ ക്ഷേത്രത്തിലേക്ക് ഘട്ടം ഘട്ടമായി പ്രവേശനം അനുവദിച്ചു. ആറരയ്ക്ക് ആരതി ആരംഭിച്ചു. ഏഴുമണിയോടെയാണ് ദര്‍ശനം തുടങ്ങിയത്.

ബാഗേജുകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ അനുവദീനയമല്ല. മൂന്ന് ഘട്ടമായി തിരിച്ചുള്ള സുരക്ഷാപരിശോധന കഴിഞ്ഞ ശേഷമേ ഭക്തര്‍ക്ക് ക്ഷേത്രത്തിനുള്ളിലേക്ക് പ്രവേശനമുള്ളൂ എന്നീ കാര്യങ്ങള്‍ എഴുതിയ ബോര്‍ഡ് കവാടത്തില്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്ക് 12:29:08 നും 12:30:32 നും ഇടയിലാണ് ബാലരാമ വിഗ്രഹം പ്രതിഷ്ഠിക്കുന്ന ചടങ്ങ് നടന്നത്. കാശിയിലെ പുരോഹിതന്‍ ലക്ഷ്മീകാന്ത് ദീക്ഷിത് മുഖ്യകാര്‍മികത്വം വഹിച്ച ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യയജമാനനായി ചടങ്ങിന് നേതൃത്വം വഹിച്ചു.