തിരുവനന്തപുരം : കേന്ദ്രസർക്കാരിന്റെ അവഗണനയ്ക്കെതിരെ കാസർകോട്ട് മുതൽ തിരുവനന്തപുരം വരെ മനുഷ്യച്ചങ്ങല തീർത്ത് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ. കാസർഗോഡ് റെയിൽവേ സ്റ്റേഷൻ മുതൽ തലസ്ഥാനത്ത് രാജ്ഭവൻ വരെ ലക്ഷക്കണക്കിന് ജനങ്ങൾ ഡിവൈഎഫ്ഐക്ക് ഒപ്പം അണിനിരന്നു. കാസർകോട്ട് എഎ റഹീം എംപി ആദ്യകണ്ണിയായി മുനുഷ്യച്ചങ്ങലയുടെ ഭാഗമായി. തിരുവനന്തപുരത്ത് ഇ പി ജയരാജൻ അവസാന കണ്ണിയായി.
സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് സംസ്ഥാനത്ത് ഉടനീളം മനുഷ്യച്ചങ്ങലയുടെ ഭാഗമായത്. മനുഷ്യച്ചങ്ങല പലയിടത്തും മനുഷ്യമതിലാകുന്ന രീതിയിൽ ജനപ്രവാഹമാണ് ഉണ്ടായത്. ലക്ഷങ്ങൾ മനുഷ്യച്ചങ്ങലയിൽ അണിചേർന്നു. സമൂഹത്തിന്റെ വ്യത്യസ്ത വിഭാഗങ്ങളിൽപെടുന്ന ആളുകൾ ചങ്ങലയുടെ ഭാഗമായി. സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ, കേന്ദ്രകമ്മറ്റിയംഗം വിജയരാഘവൻ,സിനിമാ താരം നിഖിലാ വിമൽ അടക്കം സിനിമാ താരങ്ങളും ചങ്ങലയുടെ ഭാഗമായി. മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയനും വീണ വിജയനും തലസ്ഥാനത്ത് രാജ്ഭവന് മുന്നിൽ ചങ്ങലയുടെ ഭാഗമായി പങ്കെടുത്തു. തൃശൂർ കോർപ്പറേഷന് മുന്നിൽ കവി കെ സച്ചിദാനന്ദൻ, കരിവള്ളൂർ മുരളി, പ്രിയനന്ദനൻ. രാവുണ്ണി, അശോകൻ ചരുവിൽ,ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ.പി.ബാലചന്ദ്രൻ എംഎൽഎ, സി.പി.നാരായണൻ, ഗ്രാമപ്രകാശ്, സി പി അബൂബക്കർ,സി.എസ് ചന്ദ്രിക എന്നിവർ ചങ്ങലയുടെ ഭാഗമായി. ഫാസിസ്റ്റ് സർക്കാരിനെതിരായ സമരത്തിൽ എല്ലാ സാംസ്കാരിക നായകരും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്ന് കവി സച്ചിദാനന്ദൻ തൃശൂരിൽ പറഞ്ഞു. കോഴിക്കോട്ട് അഹമ്മദ് ദേവർകോവിൽ എംഎൽഎ, ടി പി രാമകൃഷ്ണൻ എംഎൽഎ, പി മോഹനൻ, കാനത്തിൽ ജമീല എംഎൽഎ, സച്ചിൻ ദേവ് എംഎൽഎ ,മേയർ ബീന ഫിലിപ്പ്, എഴുത്തുകാരായ കെ ഇ എന്‍ കുഞ്ഞഹമ്മദ്, കെ പി രാമനുണ്ണി, നടൻ ഇർഷാദ് അലി തുടങ്ങിയവർ ചങ്ങലയുടെ ഭാഗമായി.