മിഴിയടച്ച വിക്രം ലാന്‍ഡറിന് ഇനി പുതിയ ദൗത്യം; വന്‍ നേട്ടവുമായി ചന്ദ്രയാൻ-3

ചന്ദ്രയാൻ-3 ദൗത്യം പൂര്‍ത്തിയാക്കിയശേഷം മിഴിയടച്ച വിക്രം ലാന്‍ഡര്‍ ഇനി ചന്ദ്രനിലെ സ്ഥിരം ലൊക്കേഷന്‍ മാര്‍ക്കറായി പ്രവര്‍ത്തിക്കുമെന്ന് റിപ്പോർട്ട്. ലാൻഡറിലെ ലേസർ റിട്രോഫ്ലെക്ടർ അറേ (എൽ ആർ എ) ആണ് ഈ നേട്ടം കൈവരിച്ചത്. അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ നിർമിച്ചതാണ് ആർ എൽ എ എന്ന ലോക്കേഷൻ മാർക്കർ ഉപകരണം. ഇതിൽനിന്നുള്ള സിഗ്നലുകൾ നാസയുടെ ചാന്ദ്രദൗത്യ പേടകമായ ലൂണാർ റിക്കണൈസൻസ് ഓർബിറ്ററിനു(എൽ ആർ ഒ) ലഭിച്ചു

ഡിസംബർ 12നാണ് എൽ ആർ ഒ ആദ്യ സിഗ്നലുകൾ പിടിച്ചെടുത്തത്. അറേ ( എല്‍ ആര്‍ എ ) എന്നെങ്കിലും പ്രവര്‍ത്തന സജ്ജമാകുമെന്ന പ്രതീക്ഷയിലായിരുന്നു ബഹിരാകാശ ശാസ്ത്ര ലോകം. ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ എവിടെയെന്നു കണ്ടെത്താന്‍ സഹായിക്കുന്ന ഉപകരണമാണ് എല്‍ ആര്‍ എ.ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതൽ നിരവധി എൽ ആർ എകൾ ചന്ദ്രനിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറിലെ എൽ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽ ആർ എയുമാണിത്