ആത്മഹത്യാ കുറിപ്പിൽ നിന്ന് കിട്ടിയ രഹസ്യ കോഡില്‍ വലഞ്ഞ് പോലീസ്

മുംബൈ: ട്രെയിനിന് മുന്നിൽ ചാടി മരിച്ച യുവാവിന്റെ ആത്മഹത്യാ കുറിപ്പിൽ നിന്ന് കിട്ടിയ രഹസ്യ കോഡ് പൊലീസിനെ എത്തിച്ചത് മറ്റൊരു കേസിലേക്ക്. നവി മുംബൈയിലാണ് സംഭവം. ജുയിനഗര്‍ റെയിൽവെ സ്റ്റേഷന് സമീപം ഡിസംബര്‍ 13നാണ് ട്രെയിന്‍ തട്ടി മരിച്ച നിലയിൽ വൈഭവ് എന്ന യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. വൈഭവിന്റെ മൊബൈല്‍ ഫോണിൽ നിന്ന് ആത്മഹത്യ കുറിപ്പും കണ്ടെത്തിയിരുന്നു.
താൻ മരിക്കാൻ പോവുകയാണെന്ന് എഴുതിയ ആത്മഹത്യാക്കുറിപ്പിൽ മരിക്കുന്നതിന് മുമ്പ് ഒരു യുവതിയെ കൊന്നിട്ടുണ്ടെന്ന പരാമര്‍ശവും ഉണ്ടായിരുന്നു

ഏതാനും അക്ഷരങ്ങളും അക്കങ്ങളും അടങ്ങിയ കോഡാണ് ഇയാളുടെ ഫോണിലെ ആത്മഹത്യാ കുറിപ്പിൽ മറ്റ് വിവരങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നത്.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തിനൊടുവിൽ ഇത് വനം വകുപ്പ് മരങ്ങള്‍ക്ക് നൽകുന്ന നമ്പറാണെന്ന് പൊലീസ് കണ്ടെത്തി. വിശദമായ അന്വേഷണം നടത്തിയപ്പോൾ യുവാവ് ഡിസംബര്‍ 12ന് ഖര്‍ഗാര്‍ ഹില്‍ ഏരിയയിലെ വനമേഖലയില്‍ ഉണ്ടായിരുന്നു എന്നും വ്യക്തമായി. ഇയാളുടെ കാമുകിയായിരുന്ന 19 വയസുകാരിയും അന്ന് കൂടെയുണ്ടായിരുന്നു എന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം ഈ യുവതിയെ ചുറ്റിപ്പറ്റിയായി.
ഡിസംബര്‍ 12ന് സിയോണിലെ കോളിലേക്ക് പോവുകയാണെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ യുവതി പിന്നീട് തിരികെ എത്തിയില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. യുവതിയുടെ ബന്ധുക്കള്‍ കലംമ്പോലി പൊലീസ് സ്റ്റേഷനിൽ ഇത് സംബന്ധിച്ച പരാതിയും നല്‍കിയിരുന്നു

ഇതോടെ യുവാവ് ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് കാമുകിയെ കൊലപ്പെടുത്തിയിരിക്കാം എന്ന സംശയം ബലപ്പെട്ടു. നവി മുംബൈ പൊലീസ് കമ്മീഷണര്‍ മിലിന്ദ് ഭരംബെ പ്രത്യേക ടാസ്ക് ഫോഴ്സിന് രൂപം നല്‍കയാണ് കേസ് അന്വേഷിച്ചത്. യുവതിയെ കാണാനില്ലെന്ന വിവരവും വനത്തിലെ മരത്തിന്റെ നമ്പറും കൂട്ടിവായിച്ച പൊലീസ് സംഘം വനമേഖലയില്‍ വ്യാപക തെരച്ചിൽ നടത്തി. ഡ്രോണുകളും ഉപയോഗിച്ചു. ഒടുവില്‍ മരങ്ങള്‍ക്കിടയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. കോളേജിലേക്ക് പോകുമ്പോൾ ധരിച്ചിരുന്ന വസ്ത്രത്തിൽ നിന്നുതന്നെ യുവതിയെ തിരിച്ചറിഞ്ഞു. വാച്ചും കോളേജ് ഐഡി കാര്‍ഡും അടുത്ത് തന്നെയുണ്ടായിരുന്നു. യുവതിയെ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം വൈഭവ് ട്രെയിനിന് മുന്നിൽ ചാടി ആത്മഹത്യ ചെയ്തിരിക്കാമെന്നാണ് നിഗമനം. നേരത്തെ അടുപ്പത്തിലായിരുന്നെങ്കിലും യുവതി തന്നിൽ നിന്ന് അകന്നതാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്