വിവാഹ മാലയെടുത്ത് കൊടുത്ത് പ്രധാനമന്ത്രി.. താര സമ്പന്നമായി ഗുരുവായൂര്

നടൻ സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ സുരേഷ് വിവാഹിതയായി. ഇന്ന് രാവിലെ 8.45നായിരുന്നു വിവാഹം. പ്രധാനമന്ത്രി നരേന്ദ്രമോദിയും സിനിമാരംഗത്തെ വൻ താരനിരയുമാണ് വിവാഹത്തിന് ആശീര്‍വാദവുമായി എത്തിയത്. മാവേലിക്കര സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനാണ് ഭാഗ്യയുടെ വരൻ. പ്രധാനമന്ത്രിയാണ് വധൂവരന്മാർക്ക് വിവാഹ മാല എടുത്ത് നൽകിയത്.
ഗുരുവായൂരില്‍ ഇന്ന് വിവാഹിതരായ മറ്റ് ദമ്പതികള്‍ക്കും പ്രധാനമന്ത്രി ആശംസ നേര്‍ന്നു. അതീവ സുരക്ഷയാണ് സ്ഥലത്ത് ഏർപ്പെടുത്തിയത്.

സുരേഷ് ഗോപിയുടെ അടുത്ത സുഹൃത്തുക്കളായ സിനിമയിലെ വന്‍ താരനിരയും വിവാഹത്തിന് എത്തി. മലയാള സിനിമയിലെ മുന്‍നിരക്കാരെ ഒരുമിച്ച് കാണാന്‍ കഴിയുന്നതിന്‍റെ ആവേശത്തിലായിരുന്നു ജനങ്ങൾ. ഗുരുവായൂര്‍ ക്ഷേത്ര പരിസരത്തുനിന്നുള്ള നിരവധി വീഡിയോകള്‍ ഇതിനകം വൈറല്‍ ആയിട്ടുണ്ട്. മോഹന്‍ലാല്‍, മമ്മൂട്ടി, ജയറാം, ബിജുമേനോന്‍, ദിലീപ്, ഖുഷ്ബു എന്നിവരൊക്കെ നേരത്തേ തന്നെ ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തി. വിവാഹത്തിന് തലേ രാത്രി തന്നെ മോഹന്‍ലാലും മമ്മൂട്ടിയും കുടുംബസമേതം എത്തിയിരുന്നു. സുരേഷ് ഗോപിയുടെ ഭാര്യ രാധിക ഇതിന്‍റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരുന്നു

വിവാഹത്തില്‍ പങ്കെടുക്കാന്‍ ഇന്ന് രാവിലെ കാറില്‍ വന്നിറങ്ങിയ മോഹന്‍ലാല്‍ അടക്കമുള്ള താരനിര ആരാധകര്‍ക്ക് വലിയ ആവേശമാണ് ഉണ്ടാക്കിയത്. വിവാഹത്തിന് ശേഷം 19 ന് കൊച്ചിയിലും 20 ന് തിരുവനന്തപുരത്തും വിരുന്ന് സംഘടിപ്പിച്ചിട്ടുണ്ട്. സിനിമ, രാഷ്ട്രീയ മേഖലകളില്‍ നിന്നുള്ള പ്രമുഖര്‍ കൊച്ചിയിലെ വിരുന്നില്‍ പങ്കെടുക്കും ബന്ധുക്കള്‍ക്കും നാട്ടുകാര്‍ക്കും സുഹൃത്തുക്കള്‍ക്കുമാണ് തിരുവനന്തപുരത്തെ വിരുന്നിലേക്ക് ക്ഷണം.
ഭാ​ഗ്യയുടെയും ​ഗോകുല്‍ സുരേഷിന്‍റെയും അടുത്ത സുഹൃത്ത് ആയിരുന്നു ശ്രേയസ്. ആ പരിചയവും സൗഹൃദവുമാണ് വിവാഹത്തിലേക്ക് എത്തിയത്