സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് താര നിര; നാളെ ഗുരുവായൂരിൽ എത്തുക മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, കുഞ്ചാക്കോബോബന്‍, ടൊവിനോ അടക്കമുള്ള താരങ്ങള്‍

സുരേഷ്‌ഗോപിയുടെ മകളുടെ വിവാഹത്തിന് പങ്കെടുക്കാൻ താര നിര ഒന്നടങ്കം തയ്യാറായിരിക്കുകയാണ്. നാളെ ഗുരുവായൂരില്‍ വച്ചാണ് വിവാഹ ചടങ്ങുകൾ നടക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദിയും ചടങ്ങിൽ എത്തുമെന്ന് നേരത്തെതന്നെ അറിയിച്ചിരുന്നു. 19-ന് സിനിമാ താരങ്ങൾക്കും രാഷ്‌ട്രീയ പ്രമുഖർക്കുമായി കൊച്ചിയിൽ ചടങ്ങ് നടത്തുമെന്നാണ് വിവരം. ബന്ധുക്കൾ, നാട്ടുകാർ, സുഹൃത്തുക്കൾ തുടങ്ങിയവർക്കായി 20-ാം തീയതി തിരുവനന്തപുരത്ത് വെച്ച് റിസപ്ഷൻ നടത്താനും തീരുമാനിച്ചിട്ടുണ്ട്.

രാവിലെ എട്ടിന് ശ്രീകൃഷ്ണ കോളജ് ഗ്രൗണ്ടിലെ ഹെലിപാഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറങ്ങും. റോഡ് മാര്‍ഗം 8.10ന് ശ്രീവത്സം ഗസ്റ്റ് ഹൗസില്‍ എത്തും. 8.15ന് ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും. 20 മിനിറ്റ് നേരം ക്ഷേത്രത്തില്‍ ചെലവഴിച്ച ശേഷമാണ് വിവാഹ ചടങ്ങില്‍ പങ്കെടുക്കുക. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് കനത്ത സുരക്ഷാക്രമീകരണങ്ങളാണ് ക്ഷേത്രനഗരിയില്‍ ഒരുക്കുന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ് ആണ് സുരേഷ്‌ഗോപിയുടെ മകളായ ഭാഗ്യയുടെ വരാനായെത്തുന്നത്. ശ്രേയസ് ബിസിനസ്സുകാരനാണ്.