7 വട്ടം വിവാഹിത; വേണ്ടി വന്നാൽ ഈ 112ാം വയസിലും ഒരു വിവാഹം കൂടി ആകാമെന്ന്…

താൻ 7 വട്ടം വിവാഹം കഴിച്ചിട്ടുണ്ടെന്നും വേണ്ടി വന്നാൽ ഒരു വിവാഹം കൂടി കഴിക്കാൻ കഴിയുമെന്ന് പറഞ്ഞ 112 -കാരി മുത്തശ്ശിയാണ് സോഷ്യൽ മീഡിയയിലെ ഇപ്പോഴത്തെ താരം. സിതി ഹവ ഹുസിൻ എന്നാണ് മുത്തശ്ശിയുടെ പേര്. കെലന്തന്‍ തുമ്പത്തിലെ കമ്പുങ് കജാങ് സെബിദാങ്ങിലാണ് ഇവർ താമസിക്കുന്നത്. ഇവർക്ക് അഞ്ച് മക്കളും 19 പേരക്കുട്ടികളും പേരക്കുട്ടികൾക്ക് 30 മക്കളും ഉണ്ട്. മുത്തശ്ശിയുടെ സഹോദരങ്ങളിലും കൂട്ടുകാരിലും ഭൂരിഭാ​ഗം പേരും മരിച്ചു കഴിഞ്ഞു. അപ്പോഴും പൂർണ്ണ ആരോഗ്യവതിയായി കഴിയുകയാണ് ഈ മുത്തശ്ശി

രക്തസമ്മർദ്ദത്തിന് മരുന്ന് കഴിക്കുന്നതൊഴിച്ച് മറ്റൊരു അസുഖവും മുത്തശ്ശിക്കില്ലെന്നാണ് മക്കൾ പറയുന്നത്. മക്കളിൽ 58 വയസ്സിനും 65 വയസ്സിനും ഇടയിലുള്ളവരുണ്ട്. ഏഴ് വിവാഹം ചെയ്തതിൽ ചിലർ സ്വരച്ചേർച്ചയില്ലായ്മ കാരണം വിവാഹമോചനം നേടിപ്പോയതാണെങ്കിൽ ചിലർ മരിച്ചു പോയി. ഇപ്പോൾ ഇളയ മകന്റെയും മരുമകളുടെയും കൂടെയാണ് താമസം. അമ്മയെ കൊണ്ട് തങ്ങൾക്ക് ബുദ്ധിമുട്ടുകള്‍ ഇല്ലെന്നും മിക്ക കാര്യങ്ങളും അവർ തനിച്ച് തന്നെ ചെയ്യുമെന്നും മക്കൾ പറയുന്നു

ഇത്രയും പ്രായമായെങ്കിലും ദിവസവും അഞ്ച് നേരമുള്ള പ്രാർത്ഥനയ്ക്ക് മുടക്കം വരുത്താറില്ല. അതുപോലെ തന്നെ ഒറ്റയ്ക്ക് നടക്കാനും തന്റെ കാര്യങ്ങളെല്ലാം ചെയ്യാനും സിതിക്ക് സാധിക്കും. സാധാരണയായി പ്രായമാകുമ്പോഴുണ്ടാകുന്ന കാഴ്ച്ചക്കുറവ്, കേൾവിക്കുറവ് പോലെയുള്ള പ്രശ്നങ്ങൾ മാത്രമാണ് സിതിയെ അലട്ടുന്നത്. ആരോ​ഗ്യത്തോടെയുള്ള ഈ ദീർഘായുസ്സിന്റെ രഹസ്യം എന്താണ് എന്ന് ചോദിച്ചാൽ ചോറ് കഴിക്കുമ്പോൾ വെള്ളം കുടിക്കില്ല എന്നാണത്രെ സിതി പറയാറ്