വിദ്യാർത്ഥിയെ ഹെഡ് കോണ്‍സ്റ്റബിളടങ്ങുന്ന സംഘം അതിക്രൂരമായി മർദ്ദിച്ചു. 23കാരനായ ആയുഷ് ദ്വിവേദി ആണ് ആക്രമത്തിനിരയായത്. കഴിഞ്ഞ വർഷം ഒക്ടോബറിൽ കൊലപാതക ശ്രമത്തിന് വിദ്യാർത്ഥിക്കെതിരെ ഹെഡ് കോണ്‍സ്റ്റബിളിന്റെ പരാതിയിൽ കേസെടുത്തിരുന്നു. ഈ കേസിനെ തുടർന്നുള്ള സംഭവ വികാസങ്ങളിലാണ് ആയുഷ് ദ്വിവേദിയെ അക്രമി സംഘം തട്ടിക്കൊണ്ടു പോയത്
ഉത്തർപ്രദേശിലാണ് സംഭവം. വാഹനത്തിൽ അഞ്ച് കിലോമീറ്ററോളം അകലെയുള്ള കോപ്പർഗഞ്ചിലെത്തിച്ചായിരുന്നു അക്രമം. 23കാരനെ വസ്ത്രങ്ങളഴിച്ച ശേഷം സംഘം മർദ്ദിക്കുകയായിരുന്നു. ക്രൂരമർദ്ദനത്തിനിടെ യുവാവിന്റെ വായിൽ സംഘത്തിലുള്ളവർ മൂത്രമൊഴിച്ചു. അക്രമികളുടെ ചെരുപ്പ് യുവാവിനോട് നാവ് കൊണ്ട് വൃത്തിയാക്കിപ്പിക്കുകയും ചെയ്തെന്ന് പരാതി.പൊലീസുകാരന്റെ മകനും കൂട്ടാളികളും ചേർന്നാണ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ട് പോയതെന്നാണ് സൂചന. ഇവർ ആക്രമിച്ച് അവശനാക്കിയ യുവാവിനെ പൊലീസുകാരനും മർദ്ദിക്കുകയായിരുന്നു. അക്രമത്തിന്റെ ദൃശ്യങ്ങൾ ഇവർ വീഡിയോയില്‍ ചിത്രീകരിച്ചതായും യുവാവ് പരാതിയിൽ വിശദമാക്കുന്നുണ്ട്