സീറ്റില്‍ കടുംപിടുത്തം വേണ്ട.! ഇന്ത്യ മുന്നണിക്ക് ‘വഴങ്ങി’ കോണ്‍ഗ്രസ്

പാർലമെന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സീറ്റ് പങ്കിടലിന്റെ കാര്യത്തില്‍ കടുംപിടിത്തം വേണ്ടെന്ന് കോണ്‍ഗ്രസ് നേതൃയോഗത്തില്‍ തീരുമാനം. മുന്നണിയിലെ കക്ഷികളുമായി സീറ്റ് പങ്കിടല്‍ ചര്‍ച്ചകള്‍ ആരംഭിക്കാന്‍ നേതൃത്വം കമ്മിറ്റിക്ക് നിര്‍ദേശം നല്‍കി. 255 സീറ്റുകളില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കോണ്‍ഗ്രസ് തീരുമാനം. മുന്നണിയില്‍ ആവശ്യപ്പെടാനുള്ള സീറ്റുകളെ സംബന്ധിച്ച് സംസ്ഥാന നേതൃത്വങ്ങള്‍ ലിസ്റ്റ് നല്‍കിയെങ്കിലും വിജയ സാധ്യതകളുള്ള സീറ്റുകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച്, മറ്റിടങ്ങളില്‍ ബിജെപി വിരുദ്ധ ചേരിക്ക് ശക്തിപകരണമെന്ന നിര്‍ദേശമാണ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ മുന്നോട്ടുവച്ചത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തിരഞ്ഞെടുപ്പിലേറ്റ വലിയ തിരിച്ചടിക്ക് പിന്നാലെയാണ് കോണ്‍ഗ്രസ് നിലപാട് മാറ്റിയത്

ഉത്തര്‍പ്രദേശില്‍ ആകെയുള്ള 80 സീറ്റുകളില്‍ എസ്പിയുമായി ധാരണയിലെത്തിയാല്‍, 40 സീറ്റാണ് സംസ്ഥാന ഘടകം ആവശ്യപ്പെടുന്നത്. 20 ഇടത്ത് വിജയപ്രതീക്ഷയുണ്ടെന്നും സംസ്ഥാന നേതാക്കള്‍ അവകാശപ്പെട്ടു. എന്നാല്‍, രണ്ട് സീറ്റില്‍ കൂടുതല്‍ കോണ്‍ഗ്രസിന് നല്‍കില്ലെന്ന് നേരത്തെ തന്നെ അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 70 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസിന് ആകെ ലഭിച്ചത് സോണിയ ഗാന്ധി മത്സരിച്ച റായ്ബറേലി മാത്രമാണ്. ബംഗാളില്‍ ആറ് സീറ്റ് ചോദിക്കണമെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ ആവശ്യം. നാല് സീറ്റില്‍ ജയിക്കാന്‍ സാധിക്കുമെന്നും ബംഗാള്‍ ഘടകം അവകാശപ്പെടുന്നു. എന്നാല്‍, രണ്ട് സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ല എന്നാണ് മമത ബാനര്‍ജിയുടെ നിലപാട്