മഥുരയിലെ പള്ളി പൊളിക്കണമെന്ന ഹര്‍ജി തള്ളി

മഥുരയിലെ ഷാഹി ഈദ്ഗാഹ്, കൃഷ്ണ ജന്മഭൂമി തർക്കത്തിൽ പള്ളി പൊളിക്കണമെന്ന ഹർജി തള്ളി സുപ്രീം കോടതി. ഷാഹി ഈദ്ഗാഹ് പള്ളി, കൃഷ്ണ ജന്മഭൂമിയായി അംഗീകരിക്കണമെന്നും മസ്ജിദ് പൊളിക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊതു താത്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. അലഹബാദ് ഹൈക്കോടതിയുടെ കഴിഞ്ഞ ഒക്ടോബറിലെ ഉത്തരവിനെതിരെയുള്ള അപ്പീലാണ് സുപ്രീംകോടതി തള്ളിയത്. എന്നാൽ ഹർജിക്കാരന് മറ്റൊരു സ്പെഷ്യൽ ലീവ് പെറ്റീഷൻ സമർപ്പിക്കാമെന്ന് സുപ്രീംകോടതി വ്യക്തമാക്കിയിട്ടുണ്ട്

2023 ഒക്ടോബറിൽ അലഹബാദ് ഹൈക്കോടതി പൊതുതാത്പര്യ ഹർജി തള്ളിയതിനെ തുടർന്ന് അഭിഭാഷകനായ മഹേക് മഹേശ്വരി സമർപ്പിച്ച പ്രത്യേക അനുമതി ഹർജിയിൽ ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപങ്കർ ദത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ഷാഹി ഈദ്ഗാഹിനെ ഹിന്ദു ദൈവമായ കൃഷ്ണന്റെ യഥാർത്ഥ ജന്മസ്ഥലമായി അംഗീകരിക്കണമെന്നും ട്രസ്റ്റ് സ്ഥാപിക്കാൻ ഭൂമി ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്നുമായിരുന്നു ഹർജി

1968-ൽ, ക്ഷേത്ര മാനേജ്‌മെന്റ് അതോറിറ്റിയായ ശ്രീകൃഷ്ണ ജന്മസ്ഥാൻ സേവാ സൻസ്ഥാനും ട്രസ്റ്റ് ഷാഹി മസ്ജിദ് ഈദ്ഗാഹും തമ്മിൽ ‘ഒരു ഒത്തുതീർപ്പ് കരാർ’ ഉണ്ടായിരുന്നു. ഇരു ആരാധനാലയങ്ങളും ഒരേസമയം പ്രവർത്തിക്കാൻ അനുവദിക്കുന്നതായിരുന്നു ഈ കരാർ. ഒരേ വിഷയത്തിൽ നിരവധി സിവിൽ സ്യൂട്ടുകൾ തീർപ്പു കൽപ്പിക്കാന്‍ ഉള്ളതിനാല്‍ പൊതുതാൽപര്യ ഹർജി ആവശ്യമില്ലെന്ന് ജസ്റ്റിസ് ഖന്ന പറഞ്ഞു. പൊതുതാത്പര്യ ഹർജിയല്ലാതെ മറ്റൊരു അപേക്ഷ വേണമെങ്കിൽ ഹർജിക്കാരന് സമർപ്പിക്കാമെന്നും കോടതി വ്യക്തമാക്കി. ഇതേ കേസുമായി ബന്ധപ്പെട്ട്, പള്ളിയിൽ പരിശോധന നടത്താൻ കോടതി കമ്മീഷണറെ നിയമിക്കണമെന്ന അപേക്ഷ അനുവദിച്ച അലഹബാദ് ഹൈക്കോടതിയുടെ ഡിസംബർ 14-ലെ ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റിയും സുപ്രീംകോടതിയെ സമീപിച്ചിരുന്നു. കഴിഞ്ഞ വർഷം ഡിസംബർ 15ന്, അനുവദിക്കണമെന്ന് വാക്കാൽ അഭ്യർത്ഥിച്ചപ്പോൾ ഈ ഉത്തരവിൽ ഇടപെടാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു