ലഖ്‌നൗ: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലേക്ക് ‘സീത’യ്ക്കും ക്ഷണം. രാമായണം പരമ്പരയിൽ സീതയായി അഭിനയിച്ച ദീപിക ചിക്‌ലിയ ആണ് അഭിമുഖത്തിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്
‘’ അയോധ്യയിൽ 22-ന് നടക്കുന്ന ചടങ്ങിലേക്ക് ഞങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. ഇതൊരു ചരിത്ര നിമിഷമാണ്. രാമായണത്തിൽ സീതയായി വേഷമിടാൻ സാധിച്ചത് എനിക്കു ജീവിതത്തിൽ ലഭിച്ച വലിയ അനുഗ്രഹമായി ഞാൻ കരുതുന്നു. ദൈവികമായ അനുഭവമായിരുന്നു അത്. സീതയായി അഭിനയിച്ച ഒരുപാട് നടിമാരിൽ ഒരാളാണ് ഞാൻ. പക്ഷേ, സീതയായി എല്ലാവരും എന്നെ ഓർക്കുന്നു ’’ ദീപിക പറഞ്ഞു
36 വർഷങ്ങൾക്കു മുൻപാണ് രാമാനന്ദ് സാഗർ സംവിധാനം ചെയ്ത രാമായണത്തിൽ ദീപിക ചിക്‌ലിയ സീതയായി അഭിനയിച്ചത്. രാമനായി വേഷമിട്ട അരുൺ ഗോവിലിനും ചടങ്ങിലേക്ക് ക്ഷണമുണ്ട്. 78 എപ്പിസോഡുകളായാണ് രാമായണം ദൂരദർശനിൽ സംപ്രേഷണം ചെയ്തത്. ദീപികയ്ക്കും ഗോവിലിനും പുറമെ അമിതാഭ് ബച്ചൻ, മാധുരി ദീക്ഷിത്, അനുപം ഖേർ, അക്ഷയ് കുമാർ, രജനീകാന്ത്, സഞ്ജയ് ലീല ബൻസാലി, ചിരഞ്ജീവി, മോഹൻലാൽ, ധനുഷ്, രൺബീർ കപൂർ, ആലിയ ഭട്ട്, അജയ് ദേവ്ഗൺ, സണ്ണി ഡിയോൾ, പ്രഭാസ്, യഷ്, ഋഷബ് ഷെട്ടി തുടങ്ങിയവരെയും ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്