തൃശ്ശൂർ പൂരത്തിന് ചെരുപ്പ് ഇടേണ്ട; വിലക്കി ഹൈക്കോടതി

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ചെരുപ്പിന് വിലക്ക് ഏർപ്പെടുത്തി ഹൈക്കോടതി. പൂരത്തിന് ചെരുപ്പ് ഇടേണ്ട എന്ന സുപ്രധാന വിധിയാണ് ഹൈക്കോടതി ദേവസ്വം ബെഞ്ച് പുറപ്പെടുവിച്ചത്. ക്ഷേത്രത്തിലെ ആചാരങ്ങൾക്കും പാരമ്പര്യങ്ങൾക്കും വിധേയമായി വേണം ആരാധനയെന്ന് കോടതി നിരീക്ഷിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് വടക്കുംനാഥ ക്ഷേത്രത്തിൽ കോടതി വിലക്ക് ഏർപ്പെടുത്തിയത്. ക്ഷേത്രത്തിലെ നിത്യപൂജകളും ചടങ്ങുകളും ഉത്സവങ്ങളും നടക്കുന്നുണ്ടെന്ന് കൊച്ചിൻ ദേവസ്വം ബോർഡ് ഉറപ്പ് വരുത്തണമെന്നും കോടതി വ്യക്തമാക്കി. ചെരുപ്പ് ധരിച്ചുള്ള ആളുകളുടെ വരവ് അനുവദിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു

കഴിഞ്ഞ വർഷത്തെ പൂരത്തിന് ആചാര വിരുദ്ധമായ സംഭവങ്ങളുണ്ടായെന്ന് ചൂണ്ടിക്കാട്ടി തൃശൂർ സ്വദേശി കെ.നാരായണൻകുട്ടി ഹർജി നൽകിയിരുന്നു. തെക്കേ ഗോപുരനടയിൽ ഭക്ഷണാവശിഷ്ടങ്ങൾ തള്ളിയെന്നും മാലിന്യങ്ങൾ കിടക്കുന്നുവെന്നുമുള്ള മാധ്യമവാർത്തയിൽ ഹൈക്കോടതി സ്വമേധയ കേസെടുക്കുകയും ചെയ്തിരുന്നു. ഈ രണ്ടു കേസുകളും പരിഗണിച്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്