ജയറാമിന് പുറമെ മമ്മൂട്ടിയും പൃഥ്വിരാജും രംഗത്ത്‌.. പശു ചത്ത കുട്ടിക്കർഷകർക്ക് സഹായ പ്രവാഹം

തൊടുപുഴ: വെള്ളിയാമറ്റത്തെ കുട്ടിക്കര്‍ഷകരുടെ പശുക്കൾ കൂട്ടത്തോടെ ചത്ത സംഭവത്തിൽ കുട്ടിക്കര്‍ഷകർക്ക് സഹായ പ്രവാഹം. നടൻ മമ്മൂട്ടി ഒരു ലക്ഷം രൂപയും പൃഥ്വിരാജ് രണ്ട് ലക്ഷം രൂപയും നൽകുമെന്നും അറിയിച്ചു. പി.ജെ.ജോസഫ് എംഎൽഎ ഒരു പശുവിനെ നൽകുമെന്നും അറിയിച്ചു. ഓസ്ലാര്‍ സിനിമയുടെ ട്രെയ്‌ലര്‍ ലോഞ്ചിനായി മാറ്റിവച്ച അഞ്ച് ലക്ഷം രൂപ ജയറാം ഇവര്‍ക്ക് നല്‍കി. പത്താം ക്ലാസ് വിദ്യാർഥിയായ മാത്യുബെന്നിയെയും കുടുംബത്തെയും സന്ദർശിച്ച ജയറാം ചെക്ക് കൈമാറി. ഇവർ അനുഭവിച്ച സമാന അനുഭവം ആറ് വർഷം മുമ്പ് അനുഭവിച്ചതാണെന്നും ആ വിഷമം തനിക്ക് മനസിലാകുമെന്നും ജയറാം വ്യക്തമാക്കി

കൂടാതെ മന്ത്രിമാരായ ചിഞ്ചു റാണിയും റോഷി അഗസ്റ്റിനും രാവിലെ മാത്യുവിന്‍റെ വീട്ടിലെത്തിയിരുന്നു. മാത്യുവിന് 5 പശുക്കളെയും ഒരു മാസത്തെ കാലിത്തീറ്റയും സര്‍ക്കാര്‍ നൽകും. 45,000 രൂപ മിൽമ നൽകുമെന്നും, കൂടുതല്‍ സഹായം നാളത്തെ മന്ത്രിസഭാ യോഗത്തിൽ തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.കുട്ടികര്‍ഷകരായ ജോര്‍ജ് കുട്ടിയുടെയും മാത്യുവിന്റെയും 13 പശുക്കളാണ് ചത്തത്. കപ്പത്തൊലി കഴിച്ചതാണ് കാരണമെന്ന് സംശയം. മികച്ച കുട്ടി ക്ഷീരകര്‍ഷകനുള്ള സംസ്ഥാന അവാര്‍ഡും മാത്യുവിന് ലഭിച്ചിരുന്നു. തൊടുപുഴയിലെ ഏറ്റവും മികച്ച ക്ഷീരഫാമുകളിലൊന്നാണിത്. നിരവധി പുരസ്‌കാരങ്ങളാണ് ഈ ഫാം നേടിയിട്ടുള്ളത്