ഭർത്താവുമായി വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ചു ; കരഞ്ഞ 2 വയസുകാരനെ അമ്മ ചെയ്തത് ഇതാണ്

റാഞ്ചി: ഭർത്താവുമായി വഴക്കിട്ട് മുറിയിൽ കയറി വാതിലടച്ചതിന് പിന്നാലെ കരഞ്ഞ രണ്ടു വയസുകാരനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി. ജാർഖണ്ഡിലെ ഗിരിദി ജില്ലയിലാണ് സംഭവം. അഫ്സാന ഖാത്തൂൻ എന്ന യുവതിയാണ് പിഞ്ചുമകനെ കൊലപ്പെടുത്തിയത്

ഇവരുടെ ഭർത്താവായ നിസാമുദ്ദീനുമായി വഴക്കിട്ടതിന് പിന്നാലെ യുവതി മുറിയിൽ കയറി വാതിലടയ്ക്കുകയായിരുന്നു. പിന്നീട് ഫോണിൽ ആരോടോ സംസാരിക്കുന്നതിനിടെ മകന്‍ കരയാന്‍ ആരംഭിച്ചു. ഇതോടെ അസ്വസ്ഥയായ യുവതി കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി എന്നാണ് വിവരം

മകന്‍ മരിച്ച വിവരം യുവതി ആരോടും പറഞ്ഞില്ലെന്നും ഭർത്താവ് ഉറങ്ങാനായി രാത്രി മുറിയിലെത്തുമ്പോഴാണ് കുഞ്ഞിനെ കണ്ടെത്തിയതെന്നുമാണ് ഭർതൃവീട്ടുകാർ ആരോപിക്കുന്നത്.
സംഭവത്തിൽ പൊലീസ് യുവതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. എന്നാൽ കുഞ്ഞിനെ കൊന്നിട്ടില്ലെന്നും കരഞ്ഞ കുഞ്ഞിനെ കട്ടിലിൽ നിന്ന് തള്ളിയപ്പോൾ നിലത്ത് വീഴുകയായിരുന്നുവെന്നും യുവതി പോലീസിനോട് പറഞ്ഞു