മോഷണക്കുറ്റം ആരോപിച്ച് മർദ്ദിച്ചെന്ന് മുഖ്യമന്ത്രിക്ക് പരാതി, പിന്നാലെ മോഷണ ദൃശ്യങ്ങൾ പുറത്ത്

കോട്ടയം: മോഷണകുറ്റം ആരോപിച്ച് പോലീസും കടയുടമയും തന്നെ മർദ്ദിച്ചുവെന്ന് മുഖ്യമന്ത്രിക്ക് അടക്കം പരാതി നൽകിയതിന് പിന്നാലെ മോഷണ ദൃശ്യങ്ങൾ പുറത്തായി. കോട്ടയം മുണ്ടക്കയം സ്വദേശി അഫ്‌സലാണ് പരാതിയുമായി രംഗത്തെത്തിയത്. മോഷണകുറ്റമാരോപിച്ച് നഗ്നനാക്കി മര്‍ദിച്ചുവെന്ന പരാതിയുമായി കഴിഞ്ഞ ദിവസമാണ് അഫ്‌സല്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്കും മുഖ്യമന്ത്രിക്കും പരാതി നല്‍കി. എന്നാല്‍ അഫ്‌സൽ മോഷ്ടിക്കുന്നതിന്റേതായ ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ പ്രതിയുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് പോലീസ് വ്യക്തമാക്കി

ഇയാള്‍ ജോലി ചെയ്യുന്ന മുണ്ടക്കയത്തെ കൊറിയര്‍ സ്ഥാപനത്തിലെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നതോടെ കള്ളി വെളിച്ചത്താവുകയായിരുന്നു. മേശവലിപ്പില്‍ നിന്ന് പണമെടുത്ത് എണ്ണിതിട്ടപ്പെടുത്തിയ ശേഷം ബാഗില്‍ വെച്ച് പുറത്തിറങ്ങുന്നതാണ് ദൃശ്യങ്ങളിലുള്ളത്

അടുത്ത ദിവസം സ്ഥാപനത്തിലെത്തിയ അഫ്‌സല്‍ തന്നെയാണ് പണം കാണാനില്ലെന്ന് ഉടമയെ അറിയിച്ചത്. ഇയാള്‍ പണം ചെലവഴിച്ചത് സംബന്ധിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്