സോസ് കുടിച്ചു! യുവാവിന് ലോക റെക്കോർഡ്, ഇത് എങ്ങിനെയെന്ന് സോഷ്യൽ മീഡിയ

പല കഴിവുകളും മറ്റും തെളിയിച്ച് പലരും ലോക റെക്കോർഡ് നേടിയെടുക്കുന്ന വാർത്ത വലിയ രീതിയിൽ ഇടംനേടാറുണ്ട്. എന്നാൽ സോസ് കുടിച്ച് ലോക റെക്കോർഡ് സ്വന്തമാക്കിയ വാർത്തയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. ടൊമാറ്റോ സോസ് അഥവാ തക്കാളി സോസ് കഴിച്ചാണ് ജര്‍മ്മൻകാരനായ ആൻഡ്രേ ഓര്‍ട്ടോള്‍ഫ് എന്ന യുവാവ് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത്. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഒരു ലിറ്റര്‍ ടൊമാറ്റോ സോസ് കഴിച്ചു എന്നതാണ് ഈ റെക്കോര്‍ഡ്. ഇദ്ദേഹം കുറഞ്ഞ സമയം കൊണ്ട് ടൊമാറ്റോ സോസ് കഴിച്ച് റെക്കോര്‍ഡ് നേടുന്നതിന്‍റെ വീഡിയോ ‘ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്’ തന്നെ പങ്കുവച്ചിട്ടുണ്ട്. ഈ വീഡിയോയും വലിയ രീതിയിലാണ് ശ്രദ്ധ നേടുന്നത്.

നിരവധിപേരാണ് ഇത് എങ്ങനെ സാധ്യമാകുന്നു എന്ന രീതിയിലുള്ള കമന്റുകളുമായി രംഗത്തെത്തുന്നത്. ഗ്ലാസിന്‍റെ വലിയൊരു ജാറിലാണ് സോസ് നിറച്ചിരിക്കുന്നത്. ഇത് ഒരു ലിറ്റര്‍ സോസ് ആണുള്ളത്. കേവലം 55.21 സെക്കൻഡ് കൊണ്ട് ആൻഡ്രേ ഇത് സ്ട്രോ ഉപയോഗിച്ച് കുടിച്ച് തീര്‍ത്തിരിക്കുകയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട പല ലോക റെക്കോര്‍ഡുകളും നേരത്തെ തന്നെ കരസ്ഥമാക്കിയ വ്യക്തി കൂടിയാണ് ആൻഡ്രേ. കുറഞ്ഞ സമയത്തിനുള്ളില്‍ ഏറ്റവുമധികം യോഗര്‍ട്ട്, ജെല്ലി , മാഷ്ഡ് പൊട്ടാറ്റോ തുടങ്ങി പല വിഭവങ്ങളും കഴിച്ച് ലോക റെക്കോര്‍ഡ് നേടിയിട്ടുണ്ട്