മിഠായി തെരുവിൽ ഇറങ്ങി ജനങ്ങള്‍ക്കൊപ്പം നടന്ന് നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് ഗവർണർ

കോഴിക്കോട്: കോഴിക്കോട് മിഠായിത്തെരുവിലൂടെ എസ്എഫ്ഐ പ്രതിഷേധങ്ങളെ ഒന്നും തന്നെ വകവയ്ക്കാതെ നാടകീയ രംഗങ്ങൾ സൃഷ്ടിച്ച് നടന്നുനീങ്ങി ഗവർണർ. തനിക്ക് പൊലീസ് സംരക്ഷണം ആവശ്യമില്ലെന്നും നഗരത്തിലേക്ക് പോകുകയാണെന്നും പറഞ്ഞാണ് ഗവർണർ സര്‍വകലാശാലയില്‍ നിന്ന് മാനാഞ്ചിറയിലേക്ക് എത്തിയത്. ഗവർണറുടെ പോക്ക് എങ്ങോട്ടെന്നറിയാതെ നോക്കി നിൽക്കുകയായിരുന്നു പോലീസും ജനക്കൂട്ടവും. മിഠായി തെരുവിലൂടെ ചുറ്റി നടന്ന ഗവർണറുടെ പിന്നാലെ പോലീസും അംഗരക്ഷകരും നടന്നു നീങ്ങി. പിന്നീട് ഹൽവയ്ക്ക് പേരുകേട്ട കോഴിക്കോട് നഗരത്തിലെ ഒരു ഹൽവ കടയിൽ കയറി ഹൽവയും കഴിച്ച് അദ്ദേഹം തന്റെ യാത്ര തുടര്‍ന്നു. പിന്നീട് വഴികളിലൊക്കെ തടിച്ച് കൂടിയ ജനങ്ങളെയും കുട്ടികളെയും ആലിംഗനം ചെയ്ത ഗവർണർ മാധ്യമങ്ങളോടും സംസാരിച്ചു

ഇതിനിടെ തനിക്ക് എതിരെ ചെയ്യാനുള്ളവർക്ക് എന്തും ചെയ്യാമെന്ന് പറഞ്ഞ് പ്രതിഷേധക്കാരെയും ഗവർണർ വെല്ലുവിളിച്ചു.
പൊലീസ് സുരക്ഷ ഇല്ലാതെ താന്‍ കോഴിക്കോട് നഗരത്തിലേക്ക് പോകുകയാണെന്ന് ഗവര്‍ണര്‍ കാലിക്കറ്റ് സര്‍വകലാശാല കാമ്പസില്‍ വെച്ച് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എസ്എഫ്‌ഐക്കാര്‍ മാത്രമാണ് തനിക്കെതിരെ പ്രതിഷേധിക്കുന്നത്. ആഭ്യന്തരമന്ത്രിയായിരുന്ന ആളാണ് താന്‍. കേരള പൊലീസ് രാജ്യത്തെ ഏറ്റവും മികച്ച പൊലീസ് സേനകളിലൊന്നാണ്. പക്ഷെ പോലീസിനെ മുഖ്യമന്ത്രി സ്വതന്ത്രമായി പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ല. ചുമതല നിര്‍വഹിക്കാന്‍ സര്‍ക്കാര്‍ സമ്മതിക്കുന്നില്ല. തിരുവനന്തപുരത്ത് മൂന്നു സ്ഥലങ്ങളിലാണ് താന്‍ ആക്രമിക്കപ്പെട്ടത്. മൂന്നാമത് ആക്രമിക്കപ്പെട്ട സ്ഥലത്ത് മാത്രമാണ് പൊലീസ് ഇടപെട്ടത്. അതും താന്‍ പുറത്തിറങ്ങിയ സാഹചര്യത്തില്‍ മാത്രം. കേരളത്തിലെ ജനങ്ങള്‍ തന്നെ സ്‌നേഹിക്കുന്നുണ്ടെന്നും ഗവര്‍ണര്‍ പറഞ്ഞു

ഗവര്‍ണര്‍ തെരുവിലേക്ക് ഇറങ്ങിയതോടെ, പൊലീസ് മാനാഞ്ചിറ മൈതാനത്ത് അടക്കം സുരക്ഷ ശക്തമാക്കി. സിറ്റി പൊലീസ് കമ്മീഷണര്‍ അടക്കം ജില്ലയിലെ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. സ്‌കൂള്‍ കുട്ടികളെ ചേര്‍ത്തു പിടിക്കുകയും, ആളുകളെ അഭിവാദ്യം ചെയ്യുകയും കൈ കൊടുത്ത് സംസാരിക്കുകയും ചെയ്തു. ഗവര്‍ണറുടെ സുരക്ഷയ്ക്കായി നഗരത്തിലുടനീളം കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്