യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ചവര്‍ക്ക് സ്വീകരണമൊരുക്കി സിപിഎം..

കണ്ണൂർ: പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച പ്രതികൾക്ക് സ്വീകരണവുമായി സിപിഎം. ജയിൽ മോചിതരായ നാല് ഡിവൈഎഫ്ഐ പ്രവർത്തകർക്കാണ് സിപിഐഎം മാടായി ഏരിയ കമ്മിറ്റി സ്വീകരണം ഒരുക്കിയത്. നവകേരള ബസ്സിനും മുഖ്യമന്ത്രിക്കും എതിരെ കരിങ്കൊടി പ്രതിഷേധം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച കേസിലാണ് പ്രതികൾ ജാമ്യത്തിലിറങ്ങിയത്

പഴയങ്ങാടിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദ്ദിച്ച സംഭവത്തില്‍ 14 സിപിഎം – ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തിരുന്നു. നവകേരള ബസിന് നേരെ കരിങ്കൊടി കാണിച്ചവരെ ആക്രമിച്ചതിന് വധശ്രമം ഉൾപ്പെടെ ഏഴ് വകുപ്പുകൾ ചുമത്തിയായിരുന്നു കേസ്

ചെടിച്ചട്ടിയും ഇരുമ്പ് വടിയും ഹെൽമറ്റും ഉപയോഗിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകന്റെ തലക്കടിച്ചുവെന്ന് എഫ്ഐആറില്‍ ഉണ്ട്. 14 പേർ ഉൾപ്പെടെ കണ്ടാലറിയാവുന്ന ഇരുപതോളം പേർക്കെതിരെയാണ് കേസെടുത്തത്. അതിൽ 4 പേരാണ് ഇപ്പോൾ ജാമ്യത്തിലിറങ്ങിയത്