തീ കൊളുത്താനും പദ്ധതി; പ്രതികള്‍ക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ

ദില്ലി: പാർലമെൻ്റിൽ അതിക്രമം കാണിച്ചവർക്കെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി അന്വേഷണ ഉദ്യോഗസ്ഥർ. പ്രതികളായ നാലുപേർ മാധ്യമശ്രദ്ധ നേടാനും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനും ആഗ്രഹിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി. തങ്ങളുടെ കാഴ്ചപ്പാടുകൾ പ്രകടിപ്പിക്കാനുള്ള ഒരേയൊരു മാർഗ്ഗമെന്ന നിലയിലാണ് പ്രതികൾ പാർലമെൻ്റിൽ അതിക്രമം കാട്ടിയതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ

പാർലമെൻ്റിന്റെ പുറത്ത് തീ കൊളുത്താനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെന്ന് പ്രധാന പ്രതി സാഗർ ശർമ്മ പൊലീസിന് മൊഴി നൽകി. പക്ഷേ പിന്നീട് അത് ഉപേക്ഷിക്കുക ആയിരുന്നെന്നും സാഗർ ശർമ പറഞ്ഞു

‘ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും മാധ്യമശ്രദ്ധ നേടുന്നതിനും അവർക്ക് എന്തെങ്കിലും ചെയ്യണമായിരുന്നു. അവരുടെ പ്രത്യയശാസ്ത്രം പൊരുത്തപ്പെടാത്തതിനാൽ മറ്റൊരു രാഷ്ട്രീയ പാർട്ടിയുമായും ഒത്തുചേരാൻ അവർ ആഗ്രഹിച്ചില്ല. പാർലമെൻ്റിന് പുറത്ത് സ്വയം തീകൊളുത്താൻ സംഘം പദ്ധതിയിട്ടിരുന്നു. യഥാർത്ഥത്തിൽ തീപിടിക്കാതിരിക്കാൻ സഹായിക്കുന്ന ജെൽ പോലുള്ള ഒരു വസ്തു വാങ്ങാൻ ഇവർ പദ്ധതിയിട്ടിരുന്നു. ഈ ജെൽ ഓൺലൈനിൽ വാങ്ങാൻ ശ്രമിച്ചു. അതിനായി പണം ശേഖരിച്ചു. എന്നാൽ പണമടയ്ക്കാൻ കഴിഞ്ഞില്ലെന്നും സാഗർ ശർമ്മയെ ഉദ്ധരിച്ച് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി

ബുധനാഴ്ച ശൂന്യവേളയില്‍ ലഖ്‌നൗവിൽ നിന്നുള്ള സാഗർ ശർമയും മൈസൂരിൽ നിന്നുള്ള ഡി മനോരഞ്ജനും സന്ദര്‍ശക ഗാലറിയില്‍ നിന്ന് സഭയുടെ നടുത്തളത്തിലേ‍ക്ക് ചാടുകയായിരുന്നു. ഷൂവിനുള്ളിൽ സ്പ്രേ ഒളിപ്പിച്ചു വച്ചായിരുന്നു ഇവർ ചാടിയത്. ഇവരിൽ നിന്ന് നിറമുള്ള സ്‌പ്രേ കാന്‍ പിടികൂടി. മേശപ്പുറത്ത് കൂടി ചാടി മ സ്പീക്കറുടെ ചേംബര്‍ ലക്ഷ്യമിട്ടാണ് പ്രതിഷേധക്കാര്‍ നീങ്ങിയത്. നാലാമത്തെ നിരയിലെത്തിയപ്പോള്‍ ഇവരെ പിടികൂടുകയായിരുന്നു.