ലോക്സഭയില്‍ ഈ ചെറുപ്പക്കാര്‍ എന്തിന് ഇത് ചെയ്തു.. ആരാണ് ഇവര്‍..?

ഇന്ത്യൻ പാർലിമെന്റിനകത്ത് അതിക്രമം കാണിച്ച് പ്രതിഷേധിച്ച പ്രധാന പ്രതികളായ ആ നാലുപേർ ആരാണെന്നാണ് സമൂഹം ഒന്നടങ്കം ചോദിക്കുന്നത്. പുറത്തു വരുന്ന വിവരങ്ങള്‍ അനുസരിച്ച്, പ്രതികളായവരെ ലോക്‌സഭയ്ക്കുള്ളില്‍ കയറി പരാക്രമം നടത്താന്‍ പ്രേരിപ്പച്ചത്, അവരുടെ തൊഴിലില്ലായ്മയാണ്, പരിഹരിക്കപ്പെടാത്ത തങ്ങളുടെ പ്രശ്‌നത്തിനുമേല്‍ അവര്‍ നടത്തിയ പ്രതിഷേധമാണ്. പക്ഷെ ഇതു തന്നെയാണോ സത്യാവസ്ഥ എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. തുടരന്വേഷണത്തിൽ കൂടി മാത്രമേ അത് ഉറപ്പിക്കാൻ കഴിയു എന്നാണ് റിപ്പോർട്ടുകൾ

കേസില്‍ മൊത്തം ആറ് പ്രതികളാണുള്ളത്. ഇതില്‍ നാല് പേരാണ് പ്രധാന പ്രതികള്‍. മറ്റ് രണ്ട് പേര്‍ ഇവര്‍ക്ക് സഹായം ചെയ്തവരാണ്. ഇതില്‍ ഒരാള്‍ പിടിയിലാകാനുണ്ട്. അഞ്ചു പേര്‍ അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിലായവരില്‍ രണ്ടു പേരുടെ കുടുംബങ്ങള്‍ പറയുന്നത്, ഇതുവരെയായിട്ടും ഒരു നല്ല ജോലി ശരിയാകാത്തതില്‍ ഇവര്‍ കടുത്ത നിരാശരായില്‍ ആയിരുന്നുവെന്നാണ്

പ്രധാന പ്രതികളായ നാല് പേര്‍ക്കും ഒത്തുചേരാനും ചൊവ്വാഴ്ച്ച രാത്രി തങ്ങാനും ഇടം നല്‍കിയ കേസിലാണ് ഗുരുഗ്രാം സ്വദേശിയായ അഞ്ചാമന്‍ വിവേക് ശര്‍മ അറസ്റ്റിലായത്. കേസിലെ ആറാം പ്രതി ലളിതിനെ പിടികൂടാനായിട്ടില്ല. സാഗറും മനോരഞ്ജനുമാണ് ലോക്‌സഭയ്ക്കുള്ളില്‍ കയറിയത്. നീലവും അമോലും പുറത്തായിരുന്നു. ഇവര്‍ നാലു പേര്‍ക്കുമെതിരേ യുഎപിഎ ചുമത്തിയിട്ടുണ്ട്. ആറ് പേരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരായിരുന്നുവെങ്കിലും ഇവരെല്ലാം പരസ്പരം അറിയുന്നവരായിരുന്നു. കഴിഞ്ഞ നാലു വര്‍ഷത്തോളമായി സോഷ്യല്‍ മീഡിയ വഴി എല്ലാവരും സുഹൃത്തുക്കളായിരുന്നു.

അക്രമികളില്‍ ഒരാള്‍ മൈസൂരു സ്വദേശിയായ മനോരഞ്ജന്‍ ഡി ആണ്. 33 കാരനായ മനോരഞ്ജന്‍ എഞ്ചിനീയറിംഗ് ബിരുദധാരിയാണ്. ഒരു ഐടി സ്ഥാപനത്തില്‍ തൊഴില്‍ നോക്കിയിരുന്ന അയാള്‍ നിലവില്‍ പിതാവിനൊപ്പം കാര്‍ഷിക ജോലികള്‍ ചെയ്യുകയായിരുന്നു. 25 കാരന്‍ അമോല്‍ ഷിന്‍ഡെ മഹാരാഷ്ട്രയിലെ ലത്തൂര്‍ സ്വദേശിയാണ്. ആര്‍മി റിക്രൂട്ട്‌മെന്റില്‍ പങ്കെടുത്തിരുന്നുവെങ്കിലും പരാജയപ്പെട്ടു. അടുത്തയാള്‍ ഹരിയാനയിലെ ജിന്‍ഡ് സ്വദേശിയായ നീലം ആസാദ്. 37 കാരിയായ നീലം അധ്യാപക ബിരുദം നേടിയിട്ടുണ്ടെങ്കിലും ഇപ്പോഴും തൊഴില്‍ രഹിതയാണ്. നാലാമന്‍ സാഗര്‍ ശര്‍മ. ലക്‌നൗവില്‍ ഓട്ടോറിക്ഷ ഓടിക്കുകയാണ് 25 കാരനായ സാഗര്‍