ഞെട്ടിച്ച വിധി! പ്രോസിക്യൂഷന് പിഴച്ചോ? പ്രതികൾ മറ്റാരെങ്കിലുമോ? നെഞ്ചത്തടിച്ച് കരഞ്ഞ് മാതാപിതാക്കൾ

ഇടുക്കി: വണ്ടിപ്പെരിയാറിൽ 6 വയസുകാരിയെ പീഡിപ്പിച്ച് കൊന്ന ശേഷം കെട്ടിത്തൂക്കിയ കേസിൽ പ്രതി അർജുനെ വെറുതെ വിട്ടതിന്റെ ഞെട്ടലിലാണ് ബന്ധുക്കള്‍. കുട്ടിക്ക് നീതി കിട്ടിയില്ലെന്നാണ് കുടുംബം പറയുന്നത്. കുറ്റപത്രം സമർപ്പിച്ച് രണ്ട് വർഷത്തിന് ശേഷമാണ് കേസിൽ വിധി പറയുന്നത്. 48 പേരെയാണ് കേസില്‍ വിസ്തരിച്ചത്. 69 ലേറെ രേഖകളും 16 വസ്തുക്കളും തെളിവായി സമര്‍പ്പിച്ചിരുന്നു

2021 ജൂൺ മുപ്പതിനാണ് വണ്ടിപ്പെരിയാർ ചുരക്കുളം എസ്‌റ്റേറ്റ് ലയത്തിൽ 6 വയസ്സുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കെട്ടിത്തൂക്കിയത്. കഴുത്തിൽ ഷാൾ കുരുങ്ങി മരിച്ചെന്നാണ് ആദ്യം കരുതിയിരുന്നത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കുട്ടി പീഡനത്തിന് ഇരയായിരുന്നതായും കൊലപാതകമാണെന്നും മനസ്സിലായി. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് വണ്ടിപ്പെരിയാർ സ്വദേശി അർജുനാണ് കൃത്യം ചെയ്തതെന്ന് പൊലീസ് കണ്ടെത്തിയത്. പീഡനത്തിനിടെ ബോധരഹിതയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം കെട്ടിത്തൂക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞു. പ്രതി മൂന്ന് വയസ് മുതൽ പെണ്‍കുട്ടിയെ പീഡിപ്പിച്ചു വരികയായിരുന്നെന്നും മാതാപിതാക്കള്‍ പണിക്ക് പോകുന്ന സമയം മുതലെടുത്താണ് പീഡനമെന്നുമാണ് കുറ്റപത്രത്തില്‍ പറയുന്നത്
സുനില്‍ മഹേശ്വരന്‍ പിള്ളയാണ് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍. കട്ടപ്പന അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജി വി മഞ്ജു ആണ് പ്രതിയെ വെറുതെ വിട്ടുകൊണ്ടുള്ള വിധി പ്രസ്താവിച്ചത്

വിധി വന്നതിന് പിന്നാലെ പെണ്‍കുട്ടിയുടെ അമ്മയും മറ്റു കുടുംബാംഗങ്ങളും കോടതിയില്‍ പൊട്ടിക്കരഞ്ഞും നിലത്ത് കിടന്നുരുണ്ടുമാണ് രോഷം പ്രകടിപ്പിച്ചത്. ജഡ്ജിക്കെതിരെയും വൈകാരികമായി പ്രതികരിച്ച കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാന്‍ കൂടെയുണ്ടായിരുന്നവര്‍ക്ക് കഴിഞ്ഞില്ല. നാടകീയ രംഗങ്ങളാണ് കോടതിയില്‍ അരങ്ങേറിയത്

കൊലപാതകം, ബലാത്സംഗം എന്നിവ തെളിയിക്കാൻ പ്രൊസിക്യൂഷന് കഴിഞ്ഞില്ലെന്ന് വ്യക്തമാക്കിയാണ് കോടതി പ്രതിയെ കുറ്റവിമുക്തനാക്കി വെറുതെ വിട്ടത്. പ്രതിക്ക് വധശിക്ഷ നൽണമെന്നാണ് കുട്ടിയുടെ അച്ഛൻ നേരത്തെ ആവശ്യപ്പെട്ടിരുന്നത്. വിചാരണ സമയത്ത് പോലീസും പ്രോസിക്യൂഷനും നല്ലപോലെ സഹകരിച്ചുവെന്നും പുതിയതായി ചുമതല ഏറ്റ ജഡ്ജി കേസ് നന്നായി പഠിച്ചിട്ടുണ്ടെന്നാണ് വിശ്വാസമെന്നും അച്ഛന്‍ പറഞ്ഞിരുന്നു. അതേസമയം, പ്രതിയെ വെറുതെവിട്ട വിധി വന്നതിന് പിന്നാലെ കേസില്‍ യഥാര്‍ഥ പ്രതികളെ കണ്ടെത്താന്‍ പുനരന്വേഷണം വേണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. നിരപരാധിയായ യുവാവിനെ രണ്ടു വര്‍ഷമാണ് വിചാരണ തടവുകാരനായി ജയിലില്‍ അടച്ചതെന്നും കേസില്‍ നഷ്ട പരിഹാരവും പുനരന്വേഷണവും ആവശ്യപ്പെടുമെന്നും പ്രതിഭാഗം അഭിഭാഷകന്‍ മാധ്യമങ്ങളോട് പറഞ്ഞു