കോടതി നടപടികൾക്കിടെ പോൺ വീഡിയോ പ്രദർശനം.. കോണ്‍ഫറൻസ് റദ്ദാക്കി ഹൈക്കോടതി

ബംഗളൂരു: ഓണ്‍ലൈൻ കോടതി നടപടികൾക്കിടെ അജ്ഞാതൻ പോൺ വീഡിയോ പ്രദർപ്പിച്ചതിന് പിന്നാലെ കർണാടക ഹൈക്കോടതി വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചു. കർണാടക ഹൈക്കോടതിയുടെ ബംഗളൂരു, ധാർവാഡ്, കലബുറഗി ബെഞ്ചുകളുടെ വീഡിയോ കോൺഫറൻസിംഗും ലൈവ് സ്ട്രീമിംഗുമാണ് നിര്‍ത്തി വെച്ചത്.

കോടതി നടപടികൾ നടന്നു കൊണ്ടിരിക്കുമ്പോൾ സൂം പ്ലാറ്റ്‌ഫോമിലേക്ക് ആരോ നുഴഞ്ഞു കയറി പോണ്‍ വീഡിയോ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഡിസംബര്‍ 4ന് ഉച്ച കഴിഞ്ഞാണ് കോടതിയുടെ സൂം പ്ലാറ്റ്ഫോമില്‍ അശ്ലീല ഉള്ളടക്കം കാണിച്ചത്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യപ്പെടുകയാണെന്ന് ചീഫ് ജസ്റ്റിസ് പ്രസന്ന വരാലെ വ്യക്തമാക്കി

ഇത് സംബന്ധിച്ച് സിറ്റി പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. ലൈംഗികച്ചുവയുള്ള കാര്യങ്ങൾ പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരം പൊലീസ് കേസെടുത്തു. അന്വേഷണം നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി. കൊവിഡ് വ്യാപനം തുടങ്ങിയതു മുതല്‍ കേസുകൾ കേൾക്കുന്നതിന് സ്ഥിരം വീഡിയോ കോൺഫറൻസിംഗ് (വിസി) സംവിധാനം ഏര്‍പ്പെടുത്തിയ രാജ്യത്തെ ആദ്യത്തെ ഹൈക്കോടതികളിലൊന്നാണ് കർണാടക ഹൈക്കോടതി