യുവ ഡോക്ടറുടെ ആത്മഹത്യക്ക് പിന്നില്‍ സ്ത്രീധനം; ആരോപണവുമായി കുടുംബം.

തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍
ഷഹനയുടെ മരണത്തിൽ ആരോപണവുമായി കുടുംബം രം​ഗത്ത്. വിവാഹം മുടങ്ങിയതാണ് ഷഹനയുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പറയുന്നു. ഷഹന പിജി വിദ്യാർത്ഥിയായിരുന്ന സമയത്ത് സുഹ്യത്തുമായുള്ള വിവാഹം ഉറപ്പിച്ചിരുന്നുവെന്നും പക്ഷെ സ്ത്രീധനവുമായി ബന്ധപ്പെട്ട തർക്കം മൂലം വിവാ​ഹം മുടങ്ങിയതായും ബന്ധുക്കൾ ആരോപിക്കുന്നു. ഇരുവരും തമ്മില്‍ സ്നേഹത്തിലായിരുന്നു. പിന്നീട് വിവാഹത്തിലേക്ക് കാര്യങ്ങള്‍ എത്തി. തുടര്‍ന്നാണ് സ്ത്രീധനം വില്ലനായെത്തിയത്. വീടിന്റെ പെയിന്റ് പണിയുൾപ്പെടെ നടത്തി വിവാഹത്തിന് സജ്ജമായിരുന്നുവെന്ന് കുടുംബം പറഞ്ഞു. ഈ സമയത്താണ് ഭീമമായ തുക സ്ത്രീധനമായി ആവശ്യപ്പെട്ട് വരന്റെ ബന്ധുക്കളെത്തിയത്. എന്നാൽ ഇത് നൽകാൻ കഴിയുമായിരുന്നില്ല. അതിനാൽ വിവാഹം മുടങ്ങിയിരുന്നു. ഇതിന്റെ മനോവിഷമത്തിലായിരുന്നു ഷഹന. ബന്ധുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തി. ഇതിന്റെ അടിസ്ഥാനത്തിൽ അന്വേഷണവുമായി പൊലീസ് മുന്നോട്ട് പോവുകയാണ്

‘എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന നൊമ്പര കുറിപ്പും എഴുതി വച്ചാണ് ഷഹന യാത്രയായത്. വാപ്പയായിരുന്നു എല്ലാമെന്നും ആശ്രയമായ വാപ്പ മരിച്ചുവെന്നും ഇനി സാമ്പത്തികമായി സഹായിക്കാന്‍ ആരുമില്ലെന്നുമാണ് കുറിപ്പില്‍ പറയുന്നത്. രാത്രി ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഷഹന എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് മുറിയില്‍ അനസ്തേഷ്യ മരുന്നു കുത്തിവച്ച് അബോധാവസ്ഥയില്‍ കിടക്കുന്ന ഷഹനയെ കാണുന്നത്. ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല