ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

തൃശൂർ: ഗുരുവായൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസിന് തീപിടിച്ചു. സേലം എടപ്പാടിയിൽ നിന്ന് വന്ന ബസിലാണ് തീ പടർന്നത്. റെയിൽവേ മേൽപ്പാലം ഇറങ്ങി പെട്രോൾ പമ്പിന് മുന്നിലെത്തിയതോടെ ബസ് ഓഫാവുകയും മുൻവശത്തുനിന്ന് തീ ഉയരുകയുമായിരുന്നു. അൻപതോളം പേരാണ് ബസിൽ ഉണ്ടായിരുന്നത്. ഡ്രൈവറുടെ സീറ്റ് പൂർണമായും കത്തി നശിച്ചു. ഫയർഫോഴ്സും പൊലീസും ഉടൻ തന്നെ സ്ഥലത്തെത്തിയെങ്കിലും പെട്രോൾ പമ്പ് ജീവനക്കാരും നാട്ടുകാരും ചേർന്ന് തീയണച്ചു. സെൽഫ് മോട്ടോറില്‍ നിന്നുള്ള ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന് കാരണമെന്ന് ബസിന്റെ ഡ്രൈവർ പറഞ്ഞു. ഭക്ഷണം പാചകം ചെയ്യാനുള്ള രണ്ട് ഗ്യാസ് സിലിണ്ടറുകൾ ബസ്സിൽ ഉണ്ടായിരുന്നതിനാല്‍ യാത്രക്കാർ ആശങ്കയിലായി. ഡീസൽ പമ്പ് പൊട്ടിയിരുന്നെങ്കിലും അതിലേക്ക് തീ പടരാതിരുന്നത് വലിയ അപകടം ഒഴിവാകാൻ കാരണമായി. അപകടത്തിൽ ആർക്കും പരിക്കില്ലെന്നാണ് റിപ്പോർട്ടുകൾ