കേസില്‍ 3 ഹീറോകൾ; കട ബാധ്യതയും കോവിഡും ക്രൈമിലേക്ക് നയിച്ചു. അനുപമയുടെ യൂട്യൂബ് വരുമാനം നിലച്ചതും തിരിച്ചടിയായി

കൊല്ലം: ഓയൂരിൽ ആറ് വയസ്സുകാരിയെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ പ്രതികൾ എല്ലാവരും അറസ്റ്റിലായതായി എഡിജിപി അജിത്കുമാർ വ്യക്തമാക്കി.വളരെ കൃത്യമായ ആസൂത്രണത്തോടെയുള്ള കുറ്റകൃത്യമാണിതെന്നും പൊലീസെത്താന്‍ സാധ്യതയുളള എല്ലാ വഴികളും പ്രതികള്‍ അടച്ചിരുന്നതായും ഇദ്ദേഹം വ്യക്തമാക്കി.
പത്മകുമാറിന്‍റെ ഭാര്യ അനിതയാണ് ബുദ്ധി കേന്ദ്രം.ഒന്നര മാസമായി ഇവര്‍ തട്ടിക്കൊണ്ടു പോകാനുള്ള കുട്ടികളെ അന്വേഷിക്കുകയായിരുന്നുവെന്ന നിർണ്ണായക വിവരങ്ങൾ ലഭിച്ചിരുന്നതായും എഡിജിപി പറഞ്ഞു.
മൂന്ന് ഹീറോകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ സഹോദരന്‍ ജോനാഥന്‍, രണ്ട് പെണ്‍കുട്ടി തന്നെ, മൂന്ന് രേഖാചിത്രം വരച്ചവർ. കൊല്ലം ജില്ലാവാസിയും പരിസരം അറിയുന്നവരുമാണ് പ്രതികളെന്ന് ആദ്യ ദിവസം തന്നെ വ്യക്തമായി. സൈബര്‍ പരിശോധനയും പൊതുജനങ്ങള്‍ നല്‍കിയ വിവരങ്ങളുമാണ് നിർണായകമായതെന്ന് എഡിജിപി ചൂണ്ടിക്കാണിച്ചു.

കൊവിഡിനെ തുടര്‍ന്ന് പത്മകുമാര്‍ വന്‍ സാമ്പത്തിക ബാധ്യത നേരിട്ടിരുന്നു. കോടികളുടെ സ്വത്തുക്കളുണ്ടായിരുന്നെങ്കിലും ഇവയെല്ലാം പണയത്തിലായിരുന്നു. പിടിച്ചു നില്‍ക്കാന്‍ പെട്ടെന്ന് 10 ലക്ഷം ആവശ്യമായി വന്നു. ഇതിനെ തുടര്‍ന്നാണ് ഇത്തരമൊരു കൃത്യത്തിന് മുതിര്‍ന്നത്.
യൂട്യൂബറായ മകള്‍ അനുപമക്ക് ഒരു മാസം 5 ലക്ഷത്തോളം രൂപ വരുമാനം ലഭിച്ചിരുന്നു.
ഡീമൊണിറ്റൈസേഷനെ തുടര്‍ന്ന്
പിന്നീട് പണം ലഭിക്കാതയതോടെ അനുപമയും കുറ്റകൃത്യത്തില്‍ പങ്ക് ചേര്‍ന്നു. കുട്ടിയുടെ പിതാവിനോ നഴ്സിംഗ് സംഘടനയ്ക്കോ കേസുമായി ഒരു ബന്ധവുമില്ല.
സാമ്പത്തിക പ്രതിസന്ധിയില്‍ നിന്ന് രക്ഷപ്പെടാന്‍ ഒരു കുടുംബം മുഴുവന്‍ കൃത്യമായ ആസൂത്രണത്തോടെ നടത്തിയ കുറ്റകൃത്യമാണിതെന്നും എഡിജിപി പറഞ്ഞു

കുട്ടിയെ കാണാതായതിന് ശേഷമുള്ള 96 മണിക്കൂര്‍ കൊണ്ട് പ്രതികളെ പിടികൂടാന്‍ സാധിച്ചു. കേസ് ആരംഭിക്കുമ്പോള്‍ ഒരു തുമ്പും ഇല്ലായിരുന്നു. മാധ്യമങ്ങള്‍ അനാവശ്യ സമ്മര്‍ദം നല്‍കി. നാലാം ദിനം കേസ് തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കി.
മറ്റ് ക്രൈമുകളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കുറ്റകൃത്യം നടപ്പിലാക്കിയത്. കാറിൽ യാത്ര ചെയ്ത് തട്ടിയെടുക്കാൻ പറ്റിയ കുട്ടികളെ അന്വേഷിച്ചു. ഈ കുട്ടികൾ ട്യൂഷൻ കഴിഞ്ഞ് പോകുന്നത് നിരീക്ഷിച്ചു. അത്തരത്തിൽ പലതവണ ഇവിടെ എത്തിയിരുന്നു. ഈ സംഭവത്തിൽ കുട്ടിയുടെ ചേട്ടനാണ് യഥാർത്ഥ ഹീറോ. കുട്ടിയിൽ നിന്ന് പ്രതികൾ ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രതിരോധമാണ് ഉണ്ടായത്

കുട്ടിയെ തട്ടിയെടുത്തതിന് ശേഷം കുട്ടിയോട് അച്ഛന്റെ അടുത്ത് കൊണ്ടു പോകാമെന്ന് പറഞ്ഞ് സമാധാനിപ്പിച്ചു.
പിന്നീട് പ്രതികളുടെ വീടുകളിൽ കുട്ടിയെ എത്തിച്ചു. തുടർന്ന് കുട്ടിയുടെ അമ്മയുടെ നമ്പർ മനസിലാക്കി. പിന്നെ പാരിപ്പള്ളിയിൽ പോയി കടയുടമയിൽ നിന്ന് ഫോൺ വാങ്ങി വിളിച്ചു.
പിന്നെയാണ് കേസ് ഇത്രയും മാധ്യമശ്രദ്ധ നേടിയെന്ന് ഇവർ മനസിലാക്കിയത്. തുടര്‍ന്ന് കുട്ടിയെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. ലിങ്ക് റോഡിൽ നിന്ന് ആശ്രാമം മൈതാനത്ത് കുട്ടിയെ ഓട്ടോയിൽ എത്തിച്ചത് അനിതാകുമാരിയാണ്. അനിതകുമാരിക്ക് ഈ പരിസരം അറിയാം. പദ്മകുമാർ മറ്റൊരു ഓട്ടോ പിടിച്ച് പിന്നാലെ വന്നു. കോളേജ് കുട്ടികൾ കുട്ടിയെ കണ്ടെന്ന് ഉറപ്പാക്കിയതിന് ശേഷം ഇരുവരും ഓട്ടോ പിടിച്ച് പോകുകയാണുണ്ടായത്