വന്ദേഭാരത് മറ്റ് ട്രെയിന്‍ യാത്രക്കാർക്ക് തലവേദനയോ..? യാത്രക്കാർ വായ മൂടിക്കെട്ടി പ്രതിഷേധത്തിൽ

ആലപ്പുഴ: വന്ദേഭാരത് വന്നത് യാത്രക്കാർക്ക് വളരെയേറെ ഉപയോഗപ്പെടുന്നുണ്ടെങ്കിലും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ അത് തലവദന ഉണ്ടാക്കുകയാണ്. വന്ദേ ഭാരത് ഓടുന്ന സമയം മറ്റ് ട്രെയിനുകൾ എല്ലാം തന്നെ മണിക്കൂറുകളോളമാണ് പിടിച്ചിടുന്നത്. ഇത് ആലപ്പുഴ – എറണാകുളം റൂട്ടിലെ സ്ഥിരം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരിക്കുകയാണ്. വിദ്യാർത്ഥികളും ഉദ്യോഗസ്ഥന്മാരും ഉൾപ്പടെ ജോലിക്കായും മറ്റ് ആവശ്യങ്ങൾക്കായും പോകുന്നവർക്ക് മണിക്കൂറുകളോളം കാത്ത് നിൽക്കണ്ട അവസ്ഥയാണ് ഉണ്ടാവുന്നത്

ഇതില്‍ പ്രതിഷേധിച്ച് ആലപ്പുഴ–എറണാകുളം റൂട്ടിലെ യാത്രക്കാർ രാവിലെ മെമു ട്രെയിനില്‍ കറുത്ത മാസ്കണിഞ്ഞാണ് യാത്ര ചെയ്തത്. എ എം ആരിഫ് എം പിയും യാത്രക്കാര്‍ക്കൊപ്പം പ്രതിഷേധത്തില്‍ പങ്കെടുത്തു. ഒറ്റവരി പാത മാത്രമുള്ളതാണ് ഈ ദുരിതത്തിന് പ്രധാന കാരണം. പല തവണ പരാതിപ്പെട്ടിട്ടും ഫലമില്ലാതായതോടെയാണ് യാത്രക്കാര്‍ കറുത്ത് മാസ്കിട്ട് വായ മൂടിക്കെട്ടി മെമു ട്രെയിനില്‍ യാത്ര ചെയ്തത്

വന്ദേഭാരതിന് മുമ്പ് ആറ് മണിക്കാണ് ട്രെയിന്‍ എറണാകുളത്ത് നിന്ന് പുറപ്പെട്ടിരുന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. വന്ദേഭാരതിന് ശേഷം 6.05 ആക്കി. മാത്രമല്ല 40 മിനിട്ട് മുതല്‍ ഒരു മണിക്കൂര്‍ വരെ കുമ്പളമെന്ന് പറയുന്ന അടിസ്ഥാന സൗകര്യമില്ലാത്ത സ്റ്റേഷനില്‍ പതിവായി പിടിച്ചിടുന്നു. ആദ്യ ഘട്ട സമരമെന്ന രീതിയിലാണ് വായ്മൂടിക്കെട്ടിയും പ്ലക്കാര്‍ഡുകള്‍ കൈകളിലേന്തിയും പ്രതിഷേധിക്കുന്നത് പരാതി നല്‍കിയതിലുള്ള പ്രതികാരമായി ട്രെയിന്‍ 6.05ന് പകരം 6.25നാണ് ഇപ്പോള്‍ പുറപ്പെടുന്നതെന്നും യാത്രക്കാര്‍ കുറ്റപ്പെടുത്തി