മരട് അനീഷിന് നേരെ ജയിലില്‍ വധശ്രമം; ബ്ലേഡ് കൊണ്ട് ശരീരമാസകലം മുറിവേല്‍പ്പിച്ചു, തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥനും പരിക്ക്

തൃശ്ശൂർ : വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലെ തടവുകാരനും കുപ്രസിദ്ധ ഗുണ്ടാ തലവനുമായ മരട് അനീഷിന് നേരെ വധ ശ്രമം. തടയാന്‍ ശ്രമിച്ച ജയില്‍ ഉദ്യോഗസ്ഥന്‍ ബിനോയിക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ബ്ലേഡ് കൊണ്ട് മുറിവേല്‍പിക്കാന്‍ ശ്രമിച്ച സഹതടവുകാരായ അഷ്റഫിനേയും ഹുസൈനേയും ജയില്‍ ഉദ്യോഗസ്ഥര്‍ വളരെ പ്രയാസപ്പെട്ടാണ് കീഴ്പെടുത്തിയത്. ജയിലിനുള്ളിലെ ആശുപത്രി ബ്ലോക്കിലായിരുന്നു അനീഷിനെ പാര്‍പ്പിച്ചിരുന്നത്. ഉച്ചയ്ക്കു ഭക്ഷണം കഴിക്കാന്‍ വേണ്ടി പുറത്തിറക്കിയ സമയത്തായിരുന്നു ആക്രമണം.

അക്രമികളായ തടവുകാര്‍ കയ്യില്‍ ഷേവിങ് ബ്ലേഡ് കരുതിയിരുന്നു. വ്യക്തിവൈരാഗ്യമായിരുന്നു ആക്രമണമെന്ന് ജയില്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. അനീഷിനെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ അപായപ്പെടുന്ന വിധം പരിക്കില്ലെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.