ഇനി ചലിക്കുന്ന ക്യാബിനറ്റിന്‍റെ നാളുകള്‍ ബസ് കാസർകോട്ട് എത്തിച്ചു. സ്കൂൾ ബസുകളും വിട്ട് നൽകാൻ നിർദ്ദേശം

കാസര്‍ഗോഡ്; മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിൽ മന്ത്രിസഭ കേരളമാകെ സഞ്ചരിച്ച് നടത്തുന്ന നവകേരള സദസ്സിന് ഇന്ന് തുടക്കമാകും. വൈകീട്ട് മൂന്നരക്ക് പൈവളിഗെയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. റവന്യൂ മന്ത്രി കെ. രാജൻ അധ്യക്ഷത വഹിക്കും. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് പുലർച്ചെ രണ്ട് മണിയോടെ കാസർകോട് ജില്ലയിൽ പ്രവേശിച്ചു. ബസ് എ ആർ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്.

ജനങ്ങളിൽ നിന്ന് നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്. 30 മീറ്റര്‍ ഉയരത്തില്‍ ജര്‍മ്മന്‍ പന്തലാണ് സദസ്സിനായി ഒരുക്കിയത്. കാസര്‍കോടിന്റെ തനത് കലാരൂപങ്ങള്‍ കൊണ്ട് അലങ്കരിച്ചതാണ് പ്രധാന കവാടം. പ്രധാന പാതകള്‍ ദീപാലങ്കാരത്താലും തോരണത്താലും ഭംഗിയാക്കി. നവകേരള സദസ്സിന് മുന്നോടിയായി ഉച്ചക്ക് രണ്ട് മുതല്‍ യക്ഷഗാനം, സംഘ നൃത്തം, ഭരതനാട്യം, തിരുവാതിര, മാപ്പിളപ്പാട്ട്, കൈകൊട്ടിക്കളി തുടങ്ങി വിവിധ കലാപരിപാടികള്‍ നടക്കും

എല്ലാ ബുധനാഴ്ചയും തിരുവനന്തപുരത്ത് ചേരുന്ന മന്ത്രിസഭ യോഗം നവകേരള സദസ്സിനിടെ വിവിധ മണ്ഡലങ്ങളിൽ നടക്കും. നവംബർ 22ന് തലശ്ശേരിയിലും 28ന് വള്ളിക്കുന്നിലും ഡിസംബർ ആറിന് തൃശൂരിലും 12ന് പീരുമേട്ടിലും 20ന് കൊല്ലത്തുമാണ് മന്ത്രിസഭ യോഗങ്ങൾ. പരിപാടിയുടെ ഭാഗമായി സ്കൂൾ ബസുകളും വിട്ടുനൽകണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. സംഘാടകർ ആവശ്യപ്പെട്ടാൽ ബസുകൾ വിട്ടു നൽകാമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്. ഇന്ധന ചെലവും ഡ്രൈവറുടെ ബാറ്റയും സംഘാടകർ നൽകണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.

ഡിസംബർ 23ന് വൈകീട്ട് ആറിന് തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് പരിപാടിയുടെ സമാപനം നവ കേരള സദസ് രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതാണെന്നും സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ധൂർത്താണെന്നും ആരോപിച്ച് യു.ഡി.എഫ് നവകേരള സദസ്സ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്