കൊച്ചി: മോട്ടോർ വാഹന വകുപ്പിന്റെ പിഴചുമത്തലുമായി ബന്ധപ്പെട്ട് ശ്രദ്ധ നേടിയ റോബിൻ ബസ് ഇന്ന് വീണ്ടും ഓടിത്തുടങ്ങി. 200 മീറ്റർ പിന്നിടും മുമ്പേ മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ എത്തി പരിശോധന നടത്തുകയും 7500 രൂപ പിഴ ചുമത്തുകയും ചെയ്തു. അങ്കമാലിയിൽ വെച്ചാണ് എംവിഡി ഉദ്യോഗസ്ഥർ ആദ്യം ബസ് തടഞ്ഞത്. 4 തവണ തടഞ്ഞിട്ടും പിഴ അടയ്ക്കാതെ തന്നെ ബസ് യാത്ര തുടരുകയാണ്. എംവിഡി നേരത്തെ പിടിച്ചെടുത്ത ബസ് ഹൈക്കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് ബസ് വീണ്ടും നിരത്തിലിറങ്ങിയത്.
ടൂറിസ്റ്റ് പെര്‍മിറ്റുള്ള ബസ് സ്റ്റേജ് ക്യാരേജ് ആയി ഓടാന്‍ അനുവദിക്കില്ലെന്ന നിലപാടിലാണ് എംവിഡി. ബസ് ഇന്നും തടഞ്ഞതോടെ ഉടമയ്ക്ക് പിന്തുണയുമായി യാത്രക്കാർ എംവിഡിയ്ക്കെതിരെ പ്രതിഷേധിച്ച് രംഗത്തെത്തി. നിയമപോരാട്ടത്തിന് തയ്യാറാണെന്നും ഹൈക്കോടതി പിഴയീടാക്കിയാൽ മാത്രമേ പിഴ ഒടുക്കുവുള്ളൂവെന്നും ഉടമ ഗിരീഷ് വ്യക്തമാക്കി. കോടതിയാണോ മോട്ടർവാഹന വകുപ്പാണോ വലുതെന്ന് നോക്കാമെന്നും ഗതാഗതമന്ത്രിയുടെ പിടിവാശി അംഗീകരിക്കില്ലെന്നും ഗിരീഷ് പ്രതികരിച്ചു.