നിമിഷപ്രിയക്ക് ഇനി ആശ്രയം യെമൻ രാഷ്ട്രപതി മാത്രമോ.. വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീല്‍ യെമന്‍ സുപ്രീം കോടതി തള്ളി

ദില്ലി: യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിലെ വധശിക്ഷക്കെതിരെ നിമിഷപ്രിയ നൽകിയ അപ്പീൽ യെമൻ സുപ്രീം കോടതി തള്ളിയെന്ന് കേന്ദ്രം. ദില്ലി ഹൈക്കോടതിയെയാണ് ഈ വിവരം അറിയിച്ചത്. വധശിക്ഷ ഒഴിവാക്കാൻ ഇനി യെമൻ രാഷ്ട്രപതിക്ക് മാത്രമേ കഴിയുകയുള്ളൂവെന്നും കേന്ദ്രം ദില്ലി ഹൈക്കോടതിയെ അറിയിച്ചു. യമനിലേക്ക് പോകാൻ കേന്ദ്രസർക്കാർ സഹായം തേടി നിമിഷയുടെ അമ്മ നൽകിയ അപേക്ഷയിൽ ഒരാഴ്ച്ചയ്ക്കകം തീരുമാനമെടുക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകി

മോചനത്തിനായി യെമനിലേക്ക് പോകാന്‍ അനുമതി തേടി നിമിഷപ്രിയയുടെ അമ്മ പ്രേമകുമാരി നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്. മകളെ കാണാനാകുമെന്നാണ് വിശ്വാസമെന്നും അപ്പീൽ തള്ളിയത് അപ്രതീക്ഷിതമാണെന്നും നിമിഷയുടെ അമ്മ പ്രതികരിച്ചു. 2017 ൽ യെമന്‍ പൗരന്‍ തലാല്‍ അബ്ദുമഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് യെമനിലെ നഴ്സായ പാലക്കാട് സ്വദേശിനി നിമിഷപ്രിയ വധശിക്ഷ കാത്ത് യെമന്‍ സനായിലെ ജയിലിൽ കഴിയുന്നത്