ആലുവയിൽ കൊല്ലപ്പെട്ട കുട്ടിയുടെ കുടുംബത്തെ പറ്റിച്ച സംഭവം ; പണം മടക്കി നൽകി തടിതപ്പാൻ ശ്രമം. വാർത്ത കളവാണെന്ന് പറയണമെന്ന് കുടുംബത്തോട് ആരോപണ വിധേയൻ

കൊച്ചി: ആലുവയിൽ കൊല്ലപ്പെട്ട 5 വയസുകാരിയുടെ കുടുംബത്തെ പറ്റിച്ച സംഭവം വിവാദമായതിന് പിന്നാലെ പറ്റിച്ച തുക തിരികെ നൽകി ആരോപണ വിധേയന്‍ തടിയൂരി. സംഭവം കളവാണെന്ന് പറയണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തോട് ഇയാള്‍ ആവശ്യപ്പെടുകയും ചെയ്തു. ആലുവ സ്വദേശി മുനീറാണ് ബിഹാർ സ്വദേശിയായ പെണ്‍കുട്ടിയുടെ കുടുംബത്തെ പറ്റിച്ചത്. എന്നാൽ താൻ കള്ളം പറയാൻ തയ്യാറാവില്ലെന്ന് പരാതിക്കാരൻ മുനീറിന് മറുപടി നൽകുകയും മുനീറിന്റെ ഫോൺ സംഭാഷണം റെക്കോർഡ് ചെയ്യുകയും ചെയ്തിരുന്നു. ഇയാൾ 1.2 ലക്ഷം രൂപ തട്ടിയെന്നും ഇതിൽ 70,000 മടക്കി നൽകിയെന്നും ബാക്കി നൽകാനുണ്ടെന്നും ആയിരുന്നു പരാതി

കുട്ടി മരിച്ച സമയത്ത് കുടുംബത്തെ സഹായിക്കുന്നതിന് മുന്നിൽ നിന്ന ആലുവയിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ ഭർത്താവാണ് മുനീറെന്ന യുവാവ്. പരാതിക്കാരന്റെ എടിഎം കാർഡ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 1.2 ലക്ഷം രൂപ പലപ്പോഴായി പിൻവലിച്ച മുനീർ ഈ തുക മടക്കി നൽകിയില്ല. പൊലീസിൽ പരാതി നൽകുമെന്ന് പറഞ്ഞപ്പോഴാണ് 70000 രൂപ ഇയാൾ നൽകിയത്. എന്നിട്ടും ബാക്കി തുക നൽകാൻ തയ്യാറായില്ല. കുട്ടി മരിച്ച ഘട്ടത്തിലൊന്നും തങ്ങൾ പറ്റിക്കപ്പെടുകയായിരുന്നുവെന്ന് മനസിലാക്കിയില്ലെന്നും ഇപ്പോഴാണ് മുനീർ പണം തട്ടിയെന്ന് മനസിലായതെന്നും പറഞ്ഞ പരാതിക്കാരൻ നിയമനടപടിയിലേക്ക് കടക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് നൽകാനുള്ള 50000 രൂപ കൂടി മുനീർ തിരിച്ച് നൽകിയത്