ബേപ്പൂർ-കൊച്ചി-യുഎഇ കപ്പൽ സർവീസ്: മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി

ബേപ്പൂർ-യു എ ഇ-കൊച്ചി ചാർട്ടേഡ് യാത്രകളും – ചരക്കു കപ്പൽ സർവീസുകളും തുടങ്ങുന്നതിന് മുന്തിയ പരിഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കോഴിക്കോട് മേഖലാതല അവലോകന യോഗത്തിന് എത്തിയതായിരുന്നു അദ്ദേഹം.

കപ്പൽ സർവീസ് യാത്രയ്ക്ക് മാത്രമല്ല, ചരക്കു കയറ്റിറക്കുമതി, ടൂറിസം, ഐടി, കാർഷിക, ചികിത്സ തുടങ്ങിയ മേഖലകൾക്കെല്ലാം ഏറെ ഉപകരിക്കും. ചുരുങ്ങിയ ചെലവിൽ ചരക്കുനീക്കം സാധ്യമാകുമെന്നതാണ് പ്രധാന ആകർഷണങ്ങളിലൊന്ന്. ആഘോഷ – അവധി വേളകളിൽ വിമാന നിരക്കുകൾ സാധാരണക്കാർക്ക് വഹിക്കാവുന്നതിലുമധികമാവുന്ന സാഹചര്യത്തിലാണ് കപ്പൽ സർവീസിന്റെ ആവശ്യകത അനിവാര്യമായത്. മലയാളികൾക്ക് മാത്രമല്ല തമിഴ്നാട് ഉൾപ്പെടെയുള്ള കേരളത്തിന്റെ സമീപ സംസ്ഥാനങ്ങളിൽ നിന്ന് പ്രവാസികൾക്കും കുറഞ്ഞ ചിലവിൽ കൂടുതൽ ലഗേജുമായി യാത്ര ചെയ്യാൻ കപ്പൽ സർവീസ് സഹായകരമാകും.

അതെസമയം ബേപ്പൂർ – കൊച്ചി – യുഎഇ റൂട്ടിൽ യാത്രക്കപ്പലുകൾ ഓടിക്കുന്ന കാര്യത്തിൽ സാധ്യതാ പഠനത്തിനായി നേരത്തെ നോർക്ക റൂട്സിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഈ റൂട്ടിൽ യാത്രക്കാർ എത്രത്തോളമുണ്ടാകും എന്നറിയാൻ പാസഞ്ചർ സർവ്വേയും നടത്തും. സിയാൽ മാതൃകയിൽ കൺസോർഷ്യം രൂപീകരിച്ച് യാത്ര – ചരക്ക് – ആഡംബര കപ്പൽ സർവീസ് തുടങ്ങാൻ ചില സംഘടനകൾ രംഗത്തു വന്നിട്ടുണ്ട്.

പതിനായിരം രൂപയോളമേ ഒരു യാത്രയ്ക്ക് കപ്പലിൽ വേണ്ടവരൂ എന്നത് പ്രവാസികളെ ആകർഷിക്കും. കപ്പലിൽ 200 കിലോ വരെ ലഗ്ഗേജ് കൊണ്ടുവരാനും സാധിക്കും. മൂന്നു ദിവസത്തെ യാത്രയാണുള്ളത്. കേന്ദ്ര സർക്കാരിന്റെ അനുമതി ഇതിനായി ലഭിക്കേണ്ടതുണ്ട്. ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.വൈ. എ. റഹീമിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ തുടരുകയാണ്. നേരത്തേ വന്ന റിപ്പോർട്ടുകൾ പ്രകാരം 2023 ഡിസംബറിൽ സർവ്വീസ് തുടങ്ങാൻ കഴിഞ്ഞേക്കും.

കുടുംബങ്ങളൊന്നിച്ച് യാത്ര ചെയ്യുന്നവർക്ക് വിമാനയാത്ര ഭാരിച്ച ചെലവാണ് നൽകുക. ഓണവും പെരുന്നാളും പോലുള്ള വിശേഷാവസരങ്ങളിൽ വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്കുകൾ കുത്തനെ ഉയർത്താറുണ്ട്. ഇത് പ്രവാസികളുടെ പ്രതിഷേധം ഏറെ വിളിച്ചുവരുത്തിയിട്ടുണ്ടെങ്കിലും വിമാനക്കമ്പനികളുടെ കൊള്ളയ്ക്ക് ഇന്നും മാറ്റമില്ല. ഈ സാഹചര്യത്തിലാണ് കപ്പൽയാത്ര എന്ന ബദൽ വരുന്നത്. ഒരു ഉല്ലാസയാത്ര പോലെ സമീപിക്കുകയാണെങ്കില്‍ മൂന്നുദിവസത്തെ യാത്ര എന്നത് വലിയ പ്രശ്നമാകില്ല.

അതിനിടെ ബേപ്പൂരിലെ കപ്പൽച്ചാലുകളുടെ ആഴം കൂട്ടുന്ന പ്രവ‍ർത്തനങ്ങളും നടക്കുന്നുണ്ട്. അത് കണ്ടൈനറുകളടങ്ങിയ വലിയ ചരക്കു കപ്പലുകൾക്ക് ബേപ്പൂർ തുറമുഖത്ത് അടുക്കാനുള്ള സൗകര്യമൊരുക്കും. മലബാറിലെ ടൂറിസം മേഖലയ്ക്കും വലിയ സാധ്യതയാണ് കപ്പൽ സർവ്വീസ് തരുന്നത്.