‘കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പ്, സി.എം.ഡി സ്ഥാനത്ത് നിന്ന് മാറ്റണം’; ആവശ്യമുന്നയിച്ച് ബിജു പ്രഭാകർ

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി സി.എം.ഡി സ്ഥാനത്ത് നിന്ന് തന്നെ മാറ്റണമെന്ന ആവശ്യവുമായി ബിജു പ്രഭാകർ. ഗതാഗത മന്ത്രി ആൻറണി രാജുവിനെയും ചീഫ് സെക്രട്ടറി ഡോ. വി. വേണുവിനെയും കണ്ട് ആവശ്യമുന്നയിച്ചു. ശമ്പള പ്രതിസന്ധിക്ക് കാരണം ധനവകുപ്പെന്നും ബിജു പ്രഭാകർ ഗതാഗത മന്ത്രിയെ അറിയിച്ചു. എത്ര നല്ല കാര്യങ്ങൾ ചെയ്തിട്ടും പഴി ഏറ്റുവാങ്ങേണ്ടി വരുന്നതാണ് സ്ഥാനമാറ്റത്തിന് കാരണമായി അദ്ദേഹം പറയുന്നത്. 225 കോടി വരുമാനമുണ്ടായിട്ടും വരുമാനകണക്കുകൾ പുറത്തുവിട്ടിട്ടും ആർക്കും മനസ്സിലാകുന്നില്ലെന്നും അദ്ദേഹം പറയുന്നുണ്ട്. കെ.എസ്.ആർ.ടി.സിയെ സംബന്ധിച്ച ഈ കാര്യങ്ങൾ ഫേസ്ബുക്ക് വഴി വിശദീകരിക്കാനും തീരുമാനമുണ്ട്.
കെ.എസ്.ആർ.ടി.സിയിലെ ശമ്പള പ്രതിസന്ധി സംഘർഷാവസ്ഥയിലേക്ക് നീങ്ങുന്നതോടെയാണ് സിഎംഡി സ്ഥാനമാറ്റം ആവശ്യപ്പെടുന്നത്. അതേസമയം, ബിജു പ്രഭാകർ ഓണത്തിന് ശേഷം ആരോഗ്യ പ്രശ്‌നങ്ങളാൽ അവധിയിൽ പ്രവേശിക്കാനും സാധ്യതയുണ്ട്.