അട്ടപ്പാടി മധു വധക്കേസിലെ കോടതി വിധിയിൽ പ്രതികരിച്ച് മധുവിന്റെ അമ്മയും സഹോദരിയും. മകനെ കൊലപ്പെടുത്തിയ കേസിൽ എല്ലാ പ്രതികളും ശിക്ഷിക്കപ്പെടണമെന്ന് അമ്മ മല്ലി. എല്ലാവരെയും ശിക്ഷിക്കപ്പെടാതെ മധുവിന് നീതി കിട്ടില്ലെന്ന് അമ്മ പറഞ്ഞു. കേരളമൊട്ടാകെ കൂടെ നിന്നതിൽ നന്ദിയുണ്ടെന്ന് സഹോദരി പ്രതികരിച്ചു. രണ്ട് പ്രതികളെ വെറുതെ വിട്ടതിൽ അപ്പീൽ നൽകും. വിധിയില്‍ കൂറുമാറ്റവും ഭീഷണിയും ബാധിച്ചില്ല. 24 സാക്ഷികള്‍ കൂറുമാറിയിട്ടും മധുവിന് അനുകൂലമായി കോടതി വിധി പ്രസ്താവിച്ചു. വിധിയില്‍ സന്തോഷമെന്ന് മധുവിന്റെ സഹോദരി പറഞ്ഞു. പരമാവധി നീതിപൂര്‍വമായ വിധിയെന്ന് പബ്ലിക് പ്രൊസിക്യൂട്ടർ. വെറുതെവിട്ടവരുടെ പങ്ക് വളരെ കുറവെന്നാണ് കണ്ടെത്തിയത്. മനപ്പൂര്‍വമല്ലാത്ത കൊലപാതകമെന്നാണ് കുറ്റം. 16 പ്രതികള്‍ക്കും പ്രത്യേകം വിധി തയ്യാറാക്കിയിരുന്നു. കോടതിയുടെ മുമ്പില്‍ വന്ന എല്ലാ തെളിവുകളും പരിഗണിച്ചിരുന്നുവെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.