സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി;കേന്ദ്രനേതൃത്വം പച്ചക്കൊടി നല്‍കിയില്ല

ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ സംസ്ഥാന യാത്ര മാറ്റി. ബൂത്തുതല പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കിയശേഷം മതി യാത്ര എന്ന് കേന്ദ്രനേതൃത്വം നിര്‍ദ്ദേശം നല്‍കിയെന്നാണ് അറിയുന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ കേരള യാത്രയ്ക്കുപിന്നാലെ ഏപ്രില്‍ അവസാനത്തോടെയോ മേയിലോ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ കേരള പര്യടനമായിരുന്നു സംസ്ഥാന നേതൃത്വം ആലോചിച്ചത്. കഴിഞ്ഞമാസം ആദ്യം ഇക്കാര്യം ചൂണ്ടിക്കാട്ടി കേന്ദ്ര നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. കാസര്‍കോട് നിന്ന് തിരുവനന്തപുരം വരെ ഇരുപതുലോക്സഭാ മണ്ഡലങ്ങളിലൂടെ പദയാത്ര നടത്താനാണ് കെ. സുരേന്ദ്രന്‍ പദ്ധതിയിട്ടത്.
ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി ദേശീയ തലത്തില്‍ യാത്രകള്‍ തീരുമാനിക്കും. ഇപ്പോള്‍ ബൂത്ത് തലത്തിലുള്ള നിശബ്ദ പ്രവര്‍ത്തനങ്ങളിലാണ് ബി.ജെ.പി നേതാക്കള്‍. പന്ത്രണ്ടിന് തൃശ്ശൂരെത്തുന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് വിലയിരുത്തും. തിരുവനന്തപുരം ഉള്‍പ്പടെ ആറുമണ്ഡലങ്ങളില്‍ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശമുണ്ട്.