ഷൂട്ടിംഗ് സെറ്റിലെ അപകടം; എ.ആർ. റഹ്മാന്റെ മകൻ രക്ഷപെട്ടത് തലനാരിഴയ്ക്ക്

എ.ആർ.റഹ്മാന്റെ മകനും ഗായകനുമായ എ.ആർ.അമീൻ ആൽബം ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തിൽ നിന്നും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് . ചിത്രീകരണവേളയിൽ ഗാനമാലപിക്കവെ വേദിക്കു മുകളില്‍ സ്ഥാപിച്ചിരുന്ന കൂറ്റന്‍ അലങ്കാരദീപം പൊട്ടിവീഴുകയായിരുന്നു. ക്രെയിനില്‍ തൂക്കിയിട്ടിരുന്ന അലങ്കാരദീപങ്ങള്‍ ഒന്നടങ്കം വേദിയിലേക്കു തകർന്നുവീണു. ഈ സമയം വേദിയുടെ ഒത്തനടുക്കു നിൽക്കുകയായിരുന്നു അമീൻ.

സംഭവത്തിന്റെ മുമ്പും ശേഷവുമുള്ള ഫോട്ടോകൾ അമീൻ പങ്കുവെക്കുകയും എന്താണ് സംഭവിച്ചതെന്ന് ഇൻസ്റാഗ്രാമിലൂടെ വിവരിക്കുകയും ചെയ്തു. “ഇപ്പോൾ ഞാൻ സുരക്ഷിതനായി, ജീവനോടെയിരിക്കുന്നതിൽ സർവ്വശക്തനും, എന്റെ മാതാപിതാക്കൾ, കുടുംബം, അഭ്യുദയകാംക്ഷികൾ, എന്റെ ആത്മീയ ഗുരു എന്നിവരോടും ഞാൻ നന്ദി അറിയിക്കുന്നു. മൂന്ന് ദിവസം മുമ്പ്, ഞാൻ ഒരു ഗാനത്തിന്റെ ഷൂട്ടിംഗ് നടത്തുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പെർഫോം ചെയ്യുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ എഞ്ചിനീയറിംഗും സുരക്ഷയും ടീം ശ്രദ്ധിച്ചിട്ടുണ്ടെന്ന് ഞാൻ വിശ്വസിച്ചു.
“ഒരു ക്രെയിനിൽ തൂക്കി നിർത്തിയിരുന്ന തൂക്കുവിളക്കുകൾ ഞാൻ നിൽക്കെ തകർന്നുവീണു. കുറച്ച് ഇഞ്ച് അവിടെയും ഇവിടെയും മാറിയെങ്കിൽ, കുറച്ച് നിമിഷങ്ങൾക്ക് മുമ്പോ ശേഷമോ, റിഗ്ഗ് മുഴുവൻ ഞങ്ങളുടെ തലയിൽ വീഴുമായിരുന്നു. ഞാനും എന്റെ ടീമും ഞെട്ടിപ്പോയി, ആഘാതത്തിൽ നിന്ന് കരകയറാൻ സാധിക്കുന്നില്ല, ”അദ്ദേഹം പറഞ്ഞു.
സംഗീത ലോകത്തിലെ നിരവധിപ്പേർ തങ്ങളുടെ ആശങ്ക പ്രകടിപ്പിച്ച് അമീനിന്റെ പോസ്റ്റിൽ കമന്റ് ചെയ്തു. 20 കാരനായ ഗായകൻ തന്റെ കരിയർ ആരംഭിച്ചത് ഓ കാതൽ കൺമണി എന്ന ചിത്രത്തിലൂടെയാണ്. പിതാവ് എ.ആർ. റഹ്മാനായിരുന്നു സംഗീതം നൽകിയത്. ശേഷം അമീൻ നിരവധി ഇന്ത്യൻ ഭാഷകളിൽ പാടിയിട്ടുണ്ട്.