മുല്ലപ്പള്ളി രാമചന്ദ്രൻ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ പങ്കെടുക്കില്ല ;കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം അവഗണനയെന്ന് പരാതി

ഛത്തിസ്ഗട്ടിലെ റായ്പുരിൽ ഇന്ന് തുടക്കങ്ങിയ കോണ്‍ഗ്രസ് പ്ലീനറി സമ്മേളനത്തിൽ മുല്ലപ്പള്ളി രാമചന്ദ്രന്‍ വിട്ടുനിന്നു . സമ്മേളനത്തിൽ പങ്കെടുക്കില്ലെന്ന് അദ്ദേഹം കേന്ദ്ര നേതൃത്വത്തെ അറിയിച്ചു. സംസ്ഥാന നേതൃത്വവുമായുള്ള അകൽച്ചയാണ് പ്രധാന കാരണം.കോൺഗ്രസിന്‍റെ നിർണായകമായ പല യോഗങ്ങളിൽ നിന്നും മുള്ളാപ്പള്ളി മുന്നേ വിട്ടുനിന്നിരുന്നു. കെപിസിസി പ്രസിഡന്‍റ് സ്ഥാനം ഒഴിഞ്ഞശേഷം അവഗണയെന്നാണ് മുല്ലപ്പള്ളിയുടെ പരാതി .1969 ന് ശേഷമുള്ള എല്ലാ പ്ലീനറി സമ്മേളനങ്ങളിലും മുല്ലപ്പള്ളി പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസ് അദ്ധ്യക്ഷനായി തെരഞ്ഞെടുത്ത സമ്മേളനത്തിലും മുല്ലപ്പള്ളിയുടെ സാന്നിദ്ധ്യം ഏറെ ശ്രദ്ധേയമായിരുന്നു. കെ സുധാകരന്‍ കെപിസിസി അദ്ധ്യക്ഷനായ ശേഷം കടുത്ത അവഗണന നേരിടുന്നുവെന്നാണ് മുല്ലപ്പള്ളിയുടെ പരാതി. ഒരു തരത്തിലുള്ള കൂടിയാലോചനയും നടത്തുന്നില്ലെന്നും അദ്ദേഹത്തിന് ആക്ഷേപമുണ്ട്.

കോൺഗ്രസിന്റെ 85 മത് പ്ലീനറി സമ്മേളനത്തിനാണ് റായ്പൂരിൽ തുടക്കമായത്.15000 പ്രതിനിധികൾ പങ്കെടുക്കുന്ന സമ്മേളനത്തിൽ 6 പ്രമേയങ്ങളിൽ വിശദമായ ചർച്ച നടക്കും. .ലോക്സഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളാണ് പ്ലീനറിയിലെ പ്രധാന ചർച്ച.ഉദയ്പൂരിൽ നടന്ന ചിന്തൻ ശിബിറിന്റെ തുടർച്ചയാകും ചർച്ചകൾ.