ആറ് വർഷത്തെ ഇടവേള; തിരിച്ചുവരവ് ആഘോഷമാക്കാൻ ഒരുങ്ങി ഭാവനയും മലയാളികളും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ ജീവിതം ആരംഭിച്ചതെങ്കിലും അന്യഭാഷയിലേക്കുള്ള കടന്നുചെല്ലലും വളർച്ചയും വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ ആറ് വർഷമായി മലയാള സിനിമയിൽ നിന്നും ഭാവന വിട്ടു നിൽക്കുകയായിരുന്നു. ഒടുവിൽ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ഭാവന തിരികെ എത്തിയിരിക്കുകയാണ്. ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന് എന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ചിത്രം ഇന്ന് തിയറ്ററുകളിൽ എത്തും. മലയാള സിനിമയില്‍ രണ്ടു പതിറ്റാണ്ട് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ഭാവനയുടെ തിരിച്ചു വരവ്. 2002 ഡിസംബര്‍ 20ന് പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയാണ് ഭാവന വെള്ളിത്തിരയിൽ എത്തുന്നത്. പിന്നീട് തിളക്കം, ക്രോണിക് ബാച്ചിലര്‍, സിഐഡി മൂസ, സ്വപ്നക്കൂട്, റണ്‍വേ, നരന്‍, ഉദയനാണ് താരം, നരന്‍, ചിന്തമണി കൊലക്കേസ്, സാഗര്‍ ഏലിയാസ് ജാക്കി, ഹണി ബീ, ആദം ജോണ്‍ തുടങ്ങി നിരവധി ചിത്രങ്ങളിൽ ഭാവന നായികയും സഹനടിയായും തിളങ്ങി. പത്തിലേറെ തമിഴ്, പതിനഞ്ചോളം കണ്ണട, തെലുഗ് സിനിമകളും രണ്ടു പതിറ്റാണ്ടിനിടെ ഭാവന അഭിനയിച്ചു. ഭാവനയുടെ തിരിച്ചുവരവ് ചിത്രത്തിനായി ഏറെ പ്രതീക്ഷയോടെയാണ് ഏവരും കാത്തിരിക്കുന്നത്. സിനിമ- രാഷ്ട്രീയ മേഖലകളിൽ ഉള്ള നിരവധി പേര്‍ പ്രിയ താരത്തിന് ആശംസകളുമായി രം​ഗത്തെത്തുന്നുണ്ട്.

 

ആദില്‍ മൈമൂനത്ത് അഷ്റഫ് സംവിധാനം ചെയ്ത ചിത്രമാണ് ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്’. ഷറഫുദ്ധീൻ ആണ് നായകൻ. അശോകന്‍, സാദിഖ്, അനാര്‍ക്കലി നാസര്‍, ഷെബിന്‍ ബെന്‍സണ്‍, അതിരി ജോ, മറിയം, അഫ്‍സാന ലക്ഷ്‍മി, മാസ്റ്റര്‍ ധ്രുവിന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിടുന്നു. അതേസമയം, തിരിച്ചുവരവിൽ മറ്റ് രണ്ട് സിനിമകൾ കൂടി ഭാവനയുടേതായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭദ്രൻ സംവിധാനം ചെയ്യുന്നതാണ് ഒരു സിനിമ. ‘ഇഒ’ (EO) എന്നാണ് ചിത്രത്തിന്റെ പേര്. ഷെയ്ൻ നിഗം ആണ് നായകൻ. ഹണ്ട് എന്ന ചിത്രത്തിലും ഭാവന നായികയായി എത്തുന്നുണ്ട്. അടുത്തിടെ ഷൂട്ടിം​ഗ് പൂർത്തിയാക്കിയ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്. മെഡിക്കൽ ക്യാമ്പസിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ചിത്രമാണ് ഹണ്ട്. ‘ഡോ. കീർത്തി’ എന്ന കഥാപാത്രത്തെയാണ് ഭാവന അവതരിപ്പിക്കുന്നത്.