ലോകത്താകമാനം മുപ്പതിലധികം തെരഞ്ഞെടുപ്പുകൾ അട്ടിമറിച്ചു ; ഇസ്രായേലി ഗൂഢസംഘം ‘ടീം ഹൊഹേ’ പറ്റിയുള്ള ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

സമൂഹമാധ്യമങ്ങളെ മറയാക്കി വ്യാജ പ്രചാരണങ്ങളിലൂടെ വിവിധ രാജ്യങ്ങളില്‍ തെരെഞ്ഞെടുപ്പ് അട്ടിമറികൾ നടത്തിയ ഇസ്രായേലി ഗൂഢസംഘത്തിന്റെ വിവരങ്ങള്‍ പുറത്ത്. കൃത്രിമങ്ങളിലൂടെ മുപ്പതോളം തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ച ഈ ഗൂഢസംഘത്തിന്റെ പേര് ‘ടീം ഹൊഹേ’ എന്നാണ്. ബ്രിട്ടീഷ് മാധ്യമമായ ദി ഗാര്‍ഡിയന്‍ ആണ് ആറ് മാസം നീണ്ട അന്വേഷണത്തിലൂടെ അമ്പരിപ്പിക്കുന്ന വിവരങ്ങള്‍ വെളിപ്പെടുത്തിയത്.മുന്‍ ഇസ്രായേല്‍ സ്‌പെഷ്യല്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനായ ത്അല്‍ ഹനാനാണ് ഹൊഹേ ടീം രൂപീകരിച്ചത്. ടീം ഹൊഹേ ഇന്ത്യയിലും പ്രവര്‍ത്തിച്ചതായാണ് ഗാര്‍ഡിയന്റെ വെളിപ്പെടുത്തല്‍. ഇന്ത്യയില്‍ ഒരു വമ്പന്‍ കമ്പനിക്ക് വേണ്ടി വ്യവസായ തര്‍ക്കത്തില്‍ ഇടപെട്ടെന്നാണ് റിപ്പോര്‍ട്ട്.

തെരഞ്ഞെടുപ്പുകള്‍ അട്ടിമറിച്ചതിന് പുറമേ വമ്പന്‍ കമ്പനികള്‍ക്കായി ടീം ഹൊഹേ പലരെയും വിവാദങ്ങളില്‍പ്പെടുത്തി. ലക്ഷക്കണക്കിന് വ്യാജ അക്കൗണ്ടുകളിലൂടെ നുണ പ്രചരിപ്പിച്ചു. പണം നല്‍കിയാല്‍ ആര്‍ക്കുവേണ്ടിയും എന്തും സമൂഹമാധ്യമങ്ങളിലൂടെ ചെയ്തുകൊടുക്കുകയെന്നതാണ് ഈ ഗൂഢസംഘത്തിന്റെ ലക്ഷ്യം. ട്വിറ്ററും യൂട്യൂബും ജി മെയിലും ലിങ്ക്ഡ് ഇനും ഫേസ്ബുക്കും എല്ലാം വ്യാജപ്രചാരണത്തിനായി ഉപയോഗിച്ചു.
ഒരു ആഫ്രിക്കന്‍ രാജ്യത്തെ തെരഞ്ഞെടുപ്പ് വൈകിപ്പിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് റേഡിയോ ഫ്രാന്‍സ് എന്ന മാധ്യമ സ്ഥാപനത്തിലെ മൂന്ന് മാധ്യമ പ്രവര്‍ത്തകരാണ് ഹൊഹേയെ സമീപിച്ചത്. നുണപ്രചാരണത്തിനായി എങ്ങനെയാണ് വ്യാജ അക്കൗണ്ടുകള്‍ ഉപയോഗിക്കുന്നതെന്ന് സംഘത്തിന്റെ തലവനായ ത്അല്‍ ഹനാന്‍ തന്നെ വിശദീകരിക്കുന്നത് മാധ്യമ സംഘം ഒളിക്യാമറയില്‍ പകര്‍ത്തുകയായിരുന്നു. ആറ് മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ ഒളിക്യാമറ ദൃശ്യത്തില്‍ ലോക രാജ്യങ്ങളിലെ 33 തെരഞ്ഞെടുപ്പുകളില്‍ ഇടപെട്ടെന്നും 27 ഇടത്ത് തങ്ങള്‍ ലക്ഷ്യം നേടിയെന്നും ത്അല്‍ ഹനാന്‍ അവകാശപ്പെടുന്നു.